എ​ക്സ്​​പോ 2020 സ​ന്ദേ​ശം യു.​എ​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു (വി​ഡി​യോ ദൃ​ശ്യം)

യു.എന്നിൽ എക്സ്പോ പ്രദർശനം; അത്ഭുതപ്പെട്ട് ലോകനേതാക്കൾ

സുസ്ഥിര വികസനകാഴ്ചപ്പാട് അവതരിപ്പിച്ചായിരുന്നു പ്രദർശനം

ദുബൈ: എക്സ്പോ 2020 ദുബൈയുടെ കേന്ദ്രമായിരുന്ന അൽ വസ്ൽ പ്ലാസയുടെ അകത്തളങ്ങളിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ പ്രദർശനം ലോകരാജ്യങ്ങളുടെ സംഗമവേദിയായ ഐക്യരാഷ്ട്രസഭയിലും. അൽ വസ്ലിന്‍റെ ഭീമൻ ചുമരുകളിൽ തെളിഞ്ഞ സുസ്ഥിര വികസന സന്ദേശങ്ങളാണ് ലോകനേതാക്കൾ തിങ്ങിനിറഞ്ഞ യു.എൻ പൊതുസഭയിലും തിങ്കളാഴ്ച തെളിഞ്ഞത്.

സഭയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂറ്റൻ പ്രദർശനം നേതാക്കളെ അത്ഭുതപ്പെടുത്തും വിധത്തിലുള്ളതായിരുന്നു. സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന സന്ദേശമാണ് പ്രദർശനത്തിലൂടെ കൈമാറിയത്. പ്രദർശനത്തിന്‍റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിന്നിൽ പ്രവർത്തിച്ച എക്സ്പോ ടീമിനെ അഭിനന്ദിച്ചു.

പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും സാധ്യതകളും ദുർബലതയും ഉൾക്കൊള്ളുന്ന സന്ദേശമാണ് ഒരു മിനിറ്റ് നീണ്ട ഷോയിൽ ഉണ്ടായിരുന്നത്. എക്‌സ്‌പോ ടീമിന്‍റെ സർഗാത്മക പ്രദർശനം യു.എന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിലും അവരുടെ കഴിവുകൾ ആഗോളവേദിയിൽ അംഗീകരിക്കപ്പെട്ടതിലും ഏറെ അഭിമാനമുണ്ടെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ സിറ്റി ദുബൈ അതോറിറ്റി സി.ഇ.ഒയുമായ റീം അൽ ഹാഷിമി പറഞ്ഞു.

സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒരുമിച്ചുനിൽക്കാനും വാഗ്ദാനങ്ങൾ പാലിക്കാനും എക്‌സ്‌പോ 2020 ദുബൈ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് ആമിന ജെ. മുഹമ്മദ് പറഞ്ഞു. ജനങ്ങൾക്കും ഭൂമിക്കുമായി യു.എ.ഇ പോലുള്ള പങ്കാളികളുമായി ചേർന്ന് പരിഹാരം കാണാൻ കഴിയുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. ഇതിന് നമുക്കേറെ സമയമില്ല. ഇന്ന് ഒരുമിച്ചുനിന്നാൽ എല്ലാവർക്കും നല്ലൊരു ഭാവി സൃഷ്ടിക്കാൻ കഴിയും -അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Expo exhibition at the UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.