ദുബൈ: എക്സ്പോ 2020 ദുബൈയിൽ സന്ദർശിച്ചവരുടെ എണ്ണം ഏഴര ലക്ഷം കടന്നതായി തിങ്കളാഴ്ച അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ഒന്നു മുതൽ 17വരെ 7,71,477പേരാണ് ടിക്കറ്റെടുത്ത് മേള കാണാനെത്തിയത്.
ആഴ്ചയിൽ 12 ശതമാനം സന്ദർശകരുടെ വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നും 35,000ത്തിലേറെ പേർ മൂന്നു തവണയെങ്കിലും നഗരിയിലെത്തിയിട്ടുണ്ടെന്നും ദിവസേനയുള്ള വിലയിരുത്തലിന് ശേഷം അധികൃതർ പറഞ്ഞു. ഓൺലൈൻ വഴി മേള സന്ദർശിച്ചവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഒക്ടോബർ 10നു ശേഷം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ചയിൽ 1.5 മില്യൺ കാഴ്ചക്കാർ ഓൺലൈനിൽ എത്തിയതോടെ ആകെ സന്ദർശകർ 9.3 മില്യൺ ആയി. എക്സ്പോയിൽ എത്തുന്ന പ്രദർശകർ, ഡെലിഗേറ്റ്സ്, മാധ്യമപ്രവർത്തകർ എന്നിവരൊഴികെയുള്ള സന്ദർശകരുടെ കണക്കാണിത്.
എക്സ്പോയിലെ തങ്ങളുടെ പവിലിയനിൽ മാത്രം ഒരുലക്ഷം സന്ദർശകരെത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു. റഷ്യ കവാടത്തിൽ കാമറകൾ സ്ഥാപിച്ച് കൃത്യമായ എണ്ണമെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആദ്യമായി പവിലിയനിലെത്തുന്നവരെയും പിന്നീട് തുടർച്ചയായി വരുന്നവരെയും തിരിച്ചറിയാനാവും. ഈ സംവിധാനമനുസരിച്ചാണ് ഒരു ലക്ഷം പേർ പവിലിയൻ സന്ദർശിച്ചതായി വിലയിരുത്തിയത്.
കനത്തചൂട് കാരണം പകൽ സമയങ്ങളിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും നിലവിൽ സ്കൂൾ കുട്ടികളടക്കം കൂടുതലായി എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ചൂട് നന്നായി കുറയുന്നതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) ചെയർമാനും ഡയറക്ടർ ജനറലുമായ ഡോ. അബ്ദുല്ല അൽ കറമാണ് ഒരുകൂട്ടം വിദ്യാർത്ഥികൾക്കൊപ്പം എക്സ്പോ ദുബൈ ഗേറ്റുകൾ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.