ദുബൈ: രാജ്യത്ത് കള്ളപ്പണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ 50 സ്ഥാപനങ്ങളുടെ അംഗീകാരം സർക്കാർ റദ്ദാക്കി. മൂന്നു മാസത്തേക്കാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തത്. ചട്ടം ലംഘിച്ച 225 സ്ഥാപനങ്ങൾക്ക് മന്ത്രാലയം വൻതുക പിഴ ചുമത്തുകയും ചെയ്തു.കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ യു.എ.ഇ ഫിനാൻഷ്യൽ ഇന്റലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന goAML സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് സാമ്പത്തിക മന്ത്രാലയം നിർത്തിവെപ്പിച്ചത്. സംശയകരമായ ഇടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ചെയ്യുന്ന സംവിധാനമാണ് goAML.
സാമ്പത്തിക മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ഈ സംവിധാനം ഒരുക്കുന്നതിൽ 50 സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തിയിരുന്നു. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവയെ നേരിടുന്നതിന് ഏർപ്പെടുത്തിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 225 സ്ഥാപനങ്ങളിലായി മൊത്തം 76.9 ദശലക്ഷം ദിർഹമിന്റെ പിഴയാണ് ചുമത്തിയിരിക്കുന്നത്.കള്ളപ്പണം, ഭീകരവാദ ഫണ്ടിങ് തുടങ്ങിയവക്കെതിരെ അന്താരാഷ്ട്ര നിയമപ്രകാരം കർശന നടപടികളാണ് യു.എ.ഇ സ്വീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലും ഭീകരവാദ ഫണ്ടിങ് റിപ്പോർട്ട് ചെയ്യുന്നതിലും പരാജയപ്പെട്ട 29 സാമ്പത്തിക ഇതര സ്ഥാപനങ്ങൾക്കെതിരെ ഈ മാസം 10ന് 22.6 ദശലക്ഷം ദിർഹം മന്ത്രാലയം പിഴ ചുമത്തിയിരുന്നു.
ഫ്രീസോണുകളിലും അല്ലാത്തയിടങ്ങളിലും പ്രവർത്തിക്കുന്ന സാമ്പത്തിക ഇതര, പ്രഫഷനൽ തൊഴിൽ മേഖലകൾ ഉൾപ്പെടെ നിരീക്ഷണത്തിന് കീഴിലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, ഏജന്റുമാർ, രത്നവ്യാപാരികൾ, ഓഡിറ്റർമാർ, കോർപറേറ്റ് സേവന ദാതാക്കൾ എന്നിവർ ഈ വിഭാഗത്തിൽ ഉൾപ്പെടും. goAML സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതുവരെ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടും.
മൂന്നു മാസത്തിനുള്ളിൽ പിഴവുകൾ തിരുത്തിയില്ലെങ്കിൽ കൂടുതൽ കടുത്ത പിഴ ചുമത്തുകയും ചെയ്യും. മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ എല്ലാ കമ്പനികളോടും ആവശ്യപ്പെട്ട മന്ത്രാലയം സംശയനിവാരണത്തിന് ബന്ധപ്പെട്ട അതോറിറ്റികളുടെ സഹായം തേടാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.