അൽഐൻ: യു.എ.ഇ യാത്രാവിലക്ക് നീങ്ങുന്നതും കാത്ത് നാട്ടിൽ കുടുങ്ങിയ അധ്യാപകരും സ്കൂൾ ജീവനക്കാരും. ഈ മാസം അവസാനമാണ് സ്കൂൾ തുറക്കുന്നതെങ്കിലും ഉടൻ മടങ്ങിയെത്തിയെങ്കിൽ മാത്രമേ ക്വാറൻറീൻ പൂർത്തിയാക്കി ജോലിക്ക് ഹാജരാകാൻ കഴിയൂ.
ആഗസ്റ്റ് 20ന് മുമ്പ് മടങ്ങിയെത്താം എന്ന ഉറപ്പിലാണ് മാനേജ്മെൻറുകൾ അധ്യാപകരെയും ജീവനക്കാരെയും നാട്ടിൽ പോകാൻ അനുവദിച്ചത്. ചില സ്കൂൾ അധികൃതർ ഇക്കാര്യം രേഖാമൂലം എഴുതിവാങ്ങി. സമയപരിധിക്കുള്ളിൽ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുമെന്ന അവസ്ഥയിലാണിവർ. സ്കൂളുകളുടെ പ്രവർത്തനവും അവതാളത്തിലാകും. ആഗസ്റ്റ് ഏഴിന് ശേഷവും യാത്രാവിലക്ക് നീണ്ടേക്കാമെന്ന എയർലൈനുകളുടെ സൂചന ആശങ്കയോടെയാണ് ഇവർ നോക്കുന്നത്.
80 ശതമാനത്തോളം അധ്യാപകർക്കും ഇതരജീവനക്കാർക്കും പുറമെ പ്രിൻസിപ്പൽമാരും മാനേജ്‍മെൻറ് പ്രതിനിധികളും വരെ നാട്ടിലാണുള്ളത്. കോവിഡ് മൂലം കഴിഞ്ഞവർഷം നാട്ടിൽ പോകാൻ കഴിയാത്തതിനെ തുടർന്ന് ഇക്കുറി മധ്യവേനലവധി തുടങ്ങിയ ജൂലൈ ആദ്യവാരംതന്നെ കുടുംബസമേതം നാട്ടിലേക്ക് തിരിച്ചിരുന്നു.
കഴിഞ്ഞ വർഷം നാട്ടിൽ 28 ദിവസം ക്വാറൻറീനായിരുന്നതിനാലാണ് ഭൂരിപക്ഷവും നാട്ടിലേക്ക് പോകാതിരുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് തിരികെ വരാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷവും ഇക്കുറി പോയത്. മധ്യവേനലവധിക്കുശേഷം ആഗസ്റ്റ് 29നാണ് സ്കൂൾ തുറക്കുന്നത്. ചില സ്കൂളുകൾ ഇതിന് മുേമ്പ പ്രവർത്തനം തുടങ്ങും. അതിനാൽ, ആഗസ്റ്റ് 22ന് മുെമ്പങ്കിലും മടങ്ങിയെത്തണമെന്നാണ് പല സ്കൂളുകളും ഒടുവിൽ ആവശ്യപ്പെട്ടത്. ഓൺലൈനും നേരിട്ടുള്ള പഠനവും ചേർന്ന ഹൈബ്രിഡ് രീതിയാണ് സ്കൂളുകൾ സ്വീകരിക്കുന്നതെങ്കിലും അധ്യാപകർ സ്കൂളിൽ നേരിട്ടെത്തിയാണ് ക്ലാസെടുക്കുന്നത്.
ഖത്തർ, അർമേനിയ, ഉസ്ബകിസ്താൻവഴി യാത്രചെയ്യാമെങ്കിലും ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ്. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. പലരുടെയും കുട്ടികൾ പഠിക്കുന്നതും ഗൾഫിൽതന്നെ ആയതിനാൽ യാത്രാചെലവ് രണ്ടോ മൂന്നോ ഇരട്ടി വർധിക്കും. യാത്രയിൽ എവിടെ വെച്ചെങ്കിലും കോവിഡ് പോസിറ്റിവായാൽ തിരികെ നാട്ടിലേക്ക് പോകേണ്ട അവസ്ഥയുമുണ്ട്. മടങ്ങാൻ കാത്തിരിക്കുന്നവർ ആയിരങ്ങൾ ആണെന്നിരിക്കെ വിമാന സർവിസ് പുനരാരംഭിച്ചാൽ ഇത്രയധികം പേർ, കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ഒരുമിച്ച് യു.എ.ഇയിലേക്ക് തിരികെയെത്തുമെന്ന ആശങ്കയുമുണ്ട്.
ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 99 അധ്യാപകരും പത്തോളം ജീവനക്കാരും നാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന് നിംസ് ദുബൈ വൈസ് പ്രിൻസിപ്പൽ സിന്ധു സമദ് പറയുന്നു. ഇവർ മടങ്ങിയെത്തിയില്ലെങ്കിൽ സ്കൂളിെൻറ പ്രവർത്തനം അവതാളത്തിലാകും. ഡോക്ടർമാർക്കും ബിസിനസുകാർക്കും മടങ്ങിവരാൻ അവസരം നൽകുന്നതുപോലെ അധ്യാപകരയെും ജീവനക്കാരെയും തിരികെയെത്തിക്കാൻ നടപടിേവണം. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ട് യു.എ.ഇ അധികൃതരുമായി ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
നാട്ടിൽ ആയിരക്കണക്കിന് അധ്യാപകർ കുടുങ്ങിയിട്ടുണ്ടെന്ന് കേരള പരീക്ഷ ബോർഡ് യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു. ഇവരെ തിരിച്ചെത്തിക്കുന്നതിന് ഇടപെടാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളുമായും യു.എ.ഇ വിദ്യാഭ്യാസ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് പോയവരിൽ ഭൂരിപക്ഷവും വാക്സിനേഷൻ പൂർത്തീകരിച്ചതാണ്. ഇവരെ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.