ദുബൈ: ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരിൽനിന്ന് 366 കൃത്രിമ യാത്രാരേഖകൾ പിടികൂടിയതായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഈ കൃത്രിമ യാത്രാരേഖകളിൽ വ്യാജ പാസ്പോർട്ടുകൾ, വിവിധ തരത്തിലുള്ള എൻട്രി പെർമിറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, യു.എസ് ഗ്രീൻ കാർഡ് പോലുള്ള വിദേശ രാജ്യങ്ങൾ നൽകുന്ന റസിഡൻസ് കാർഡുകൾ എന്നിവ ഉൾപ്പെടും. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ചെറിയ വർധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.കഴിഞ്ഞ വർഷം ആദ്യ മൂന്നു മാസത്തിൽ 355 പേരാണ് വ്യാജ പാസ്പോർട്ടുമായി പിടിയിലായത്.
1,232 വ്യാജ പാസ്പോർട്ടുകളാണ് കഴിഞ്ഞ വർഷം ആകെ പിടികൂടിയത്. ഇവയിൽ 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് നടപടികൾക്കായി കൈമാറുകയും ചെയ്തു. നിയമവിരുദ്ധ പാസ്പോർട്ടുമായി യാത്രചെയ്യുന്നവരെ പിടികൂടുന്നതിന് ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ജി.ഡി.ആർ.എഫ്.എ ഉപയോഗിക്കുന്നതെന്ന് ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ കൺസൽട്ടന്റ് ആഖിൽ അഹമ്മദ് അൽ നജ്ജാർ പറഞ്ഞു. ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ വിമാനത്താവളം പാസ്പോർട്ട് കൺട്രോളിലെ എല്ലാ കൗണ്ടറുകളിലും വ്യാജ പാസ്പോർട്ടുകൾ പരിശോധിക്കുന്ന റെട്രോ ചെക്ക് എന്ന നൂതന യന്ത്രം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ പാസ്പോർട്ടുകൾ പരിശോധിക്കാനും കണ്ടെത്താനും ഇമിഗ്രേഷൻ ഓഫിസർമാരെ സഹായിക്കുന്ന ഫലപ്രദമായ സംവിധാനമായി മെഷീനുകൾ പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.