???????? ???? ????? ????????? ????? ????? ???????

ദുബൈ: നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന്​ ഒമാനിലേക്ക് നടന്നൊരു അറബി കല്യാണത്തി​​െൻറ അറ്റു പോയ  ബന്ധം  വിളക്കി ചേര്‍ക്കാനൊരുങ്ങുകയാണ് പ്രവാസ ലോകത്തെ ഒരു പറ്റം മലയാളി സാമൂഹിക പ്രവര്‍ത്തകര്‍. കോഴിക്കോട് തങ്ങള്‍സ് റോഡിലെ മറിയം ബീവിയുടെ മക്കളും ഭര്‍ത്താവ് ഒമാന്‍ സ്വദേശി അബ്ദുല്ല സലാം ഹസന്‍  ഭീമാനിയുടെ  അറബ് വംശജയായ രണ്ടാം ഭാര്യയിലെ മക്കളും തമ്മിലെ കൂടിക്കാഴ്ച്ചക്കാണ്  വഴി തെളിയുന്നത്. മറിയംബി- അബ്ദുല്ല സലാം ഹസന്‍ ദമ്പതികളുടെ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മൂത്ത മകള്‍ ജമീല നല്‍കിയ വിവരം യു.എ.ഇയിലെ പൊതു പ്രവര്‍ത്തകൻ റഷീദ് വയനാട്​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതാണ്​ ഇതിനു നിമിത്തമായത്​.

 ചരക്കുമായി കോഴിക്കോട്ടെത്തി കച്ചവടം നടത്തി  തിരിച്ചു പോകുന്ന അറബികള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ മലബാര്‍ മേഖലയില്‍ സജീവമായിരുന്നു . അക്കാലത്ത് മലബാറിലെ ചില ഭാഗങ്ങളില്‍ അറബികളുമായി വിവാഹബന്ധവും സാധാരണമായിരുന്നു.  അങ്ങിനെയാണ് 1970 കളില്‍ ഒമാന്‍ അല്‍ ബഹ്റി ഗ്രാമത്തിലെ ഭീമാനി കുടുംബത്തില്‍ പെട്ട അബ്ദുല്ല സലാം ഹസ്സന്‍ കോഴിക്കോടെത്തുന്നത്. 

ഒരു കണ്ണിന് സ്വാധീനമില്ലായിരുന്നുവെങ്കിലും സമൂഹത്തി​​െൻറ ഇല്ലായ്​മക​ൾ കാണാൻ ആവോളം കാഴ്​ചയുണ്ടായിരുന്ന അബ്​ദുല്ലക്ക്​ വലിയ  സുഹൃദ് വലയം തന്നെയുണ്ടായി അവിടെ.  അബ്ദുല്ലയും മലബാറില്‍ നിന്നൊരു മണവാട്ടിയെ ആഗ്രഹിച്ചു. അങ്ങിനെയാണ് തങ്ങള്‍സ് റോഡിലെ   മറിയംബിയെ ജീവിതത്തിലേക്ക്​ ലഭിച്ചത്​.  ഒരു തവണ വന്നാല്‍ ഒന്നും രണ്ടും മാസം ഭാര്യ വീട്ടില്‍ താമസിച്ചായിരുന്നു മടക്കം.   ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യമകള്‍ ജമീല പിറന്നു.  ഒരിക്കല്‍ ഉരു നിറയെ കോഴിക്കോടന്‍ വിഭവങ്ങളുമായി ഒമാനിലേക്ക് തിരിച്ച അറബി പിന്നെ  വന്നില്ല. ഈ സമയം മറിയം രണ്ടാമത്തെ മകനെ  ഗര്‍ഭിണിയായിരുന്നു.   പ്രസവ സമയത്ത് സുഖവിവരങ്ങള്‍ അന്വേഷിച്ച്​  കത്തും കുറച്ചു പൈസയും വന്നു. രണ്ടാമത്തെ കുഞ്ഞിന് സാൽമിയ ശുഹാത്ത് എന്ന് പേര് ഇടണമെന്നും പ്രസവം കഴിഞ്ഞാല്‍ മക്കള്‍ക്ക്‌ കൂടി പാസ്പോര്‍ട്ട് എടുത്തു ഒമാനിലേക്ക് വരണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു. യാത്രാ രേഖകളെല്ലാം ശരിയാക്കിയെങ്കിലും മറിയംബിയുടെ കാത്തിരിപ്പ് നീണ്ടു. ഒടുവിൽ ഒരു കത്തു വന്നു. കോഴിക്കോട്ടു നിന്ന് ചരക്കുമായി തിരികെ പോരുമ്പോൾ  ഉരു മറ്റൊരു രാജ്യത്തി​​െൻറ ഉരുവിൽ തട്ടി. നിയമപരമായ കാരണങ്ങളാൽ അവരുടെ തീരദേശ സേനയുടെ തടവിലായി. അതിനാൽ കത്തോ പൈസയോ അയക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ ഒമാനിലെ  വീട്ടിൽ ഉമ്മയുടെ അടുത്ത് എത്തിയിട്ടുണ്ട്.ഇതായിരുന്നു കത്തിലെ ഉള്ളടക്കം. പിന്നീട് ദുരിതങ്ങളുടെ കഷ്ടപ്പാടുകളുടെയും ദിനങ്ങളായിരുന്നെന്ന് മകള്‍ ജമീല ഓര്‍ത്തെടുക്കുന്നു. വീട്ടുവേല  ചെയ്തും മറ്റുമാണ്​ മറിയംബി  മക്കളെ വളര്‍ത്തിയത്​. 

ഇതിനിടെ അവർ ഒമാനിലുമെത്തി. വീട്ടു ജോലിക്കായാണ്​ വന്നതെങ്കിലും  ഭര്‍ത്താവിനെ കണ്ടെത്താനാകുമെന്ന ​ പ്രതീക്ഷയായിരുന്നു മുഖ്യം. സുഹൃത്തുക്കളുടെ സഹായത്തോടെ  വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞെങ്കിലും കാണാനായില്ല . വിസകാലവധി തീര്‍ന്നതോടെ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. മക്കളുടെ വിവാഹവും കഴിഞ്ഞു. അടുത്തിടെയാണ്  മകള്‍ ജമീല ജോലിക്കായി ഷാര്‍ജയില്‍ എത്തുന്നത്.  പിതാവിനെ കാണണമെന്ന ആഗ്രഹം പല തവണ സഹപ്രവര്‍ത്തകരോട് പങ്കിട്ടു.  ജമീലയില്‍ നിന്ന്​ ലഭിച്ച വിവരങ്ങള്‍ റഷീദ് ത​​െൻറ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചു. ഇതുശ്രദ്ധയിൽപ്പെട്ട ഒമാൻ മലയാളി സമൂഹം വിഷയം ഏറ്റെടുത്തു. അതോടെയാണ് കെ.എം.സി.സി നെറ്റ് സോണ്‍  വാട്സ് ആപ് കൂട്ടായ്മയിലെ പി.ടി.എ.റഷീദ് സഹം ,യൂസഫ്‌ ചേറ്റുവ എന്നിവര്‍ കുടുംബത്തെ കണ്ടെത്തിയത് .

എട്ടു വര്‍ഷം മുമ്പ് അബ്ദുല്ല സലാം മരണപ്പെട്ടുവെന്ന വിവരമാണ് ലഭിച്ചത്. കേരളത്തിലെ വ്യാപാര പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ഒമാനിലെ ബഹ്ലയില്‍ കച്ചവടം നടത്തിവന്ന അദ്ദേഹം 20 വര്‍ഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചു. സ്വദേശിയായ ഈ ഭാര്യയിലെ മക്കളും മറിയംബിയുടെ മക്കളും തമ്മിലെ സമാഗമത്തിനാണ്  സാഹചര്യമൊരുങ്ങുന്നത്​.  തമ്മില്‍ കണ്ടുമുട്ടുന്നതി​​െൻറ സന്തോഷത്തിലാണ് ഇരു കുടുംബങ്ങളും. മറിയംബിയുടെ മക്കളെ ഒമാനിലേക്ക് എത്തിക്കാനുള്ള വിസ നടപടികൾ ആരംഭിച്ചതായി റഷീദ് വയനാട് പറഞ്ഞു .

Tags:    
News Summary - family meet-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 04:45 GMT