അബൂദബി: ഹൂതി ആക്രമണത്തെ തുടർന്ന് യു.എ.ഇയുടെ തലസ്ഥാന നഗരിയിലെ രണ്ടിടങ്ങളിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിലും അഗ്നിബാധയിലും ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു. വ്യവസായ മേഖലയായ മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് മരണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
സംഭവം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള യമനിലെ ഹൂതി ഭീകരരുടെ ആക്രമണമാണെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ പ്രത്യേക ഉപദേശകൻ ഡോ. അൻവർ ഗർഗാഷും യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. യു.എ.ഇ അധികൃതർ സുതാര്യമായും ഉത്തരവാദിത്തത്തോടെയും വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും മേഖലയുടെ സുരക്ഷിതത്വത്തെ ദുർബലപ്പെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന വിവരം ലഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും യു.എ.ഇ ഇന്ത്യൻ എംബസിയും അറിയിച്ചു. സംഭവത്തിൽ മരിച്ച മറ്റൊരാൾ പാകിസ്താൻ പൗരനാണ്. സംഭവത്തിൽ പരിക്കുകളോടെ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
അബൂദബി വിമാനത്താവളത്തിലെ നിർമാണത്തിലിരിക്കുന്ന ഭാഗത്താണ് മറ്റൊരു ആക്രമണമുണ്ടായത്. ഇവിടെ ചെറിയ അഗ്നിബാധ മാത്രമാണുണ്ടയതെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അബൂദബി പൊലീസ് വ്യക്തമാക്കി. എന്നാൽ അൽപനേരം ചില വിമാന സർവിസുകളെ സംഭവം ബാധിച്ചതായി ഇത്തിഹാദ് എയർവേസ് പ്രസ്താവനയിൽ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ ആശങ്കയില്ലെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സർവിസുകൾ അൽപനേരം നിർത്തിയതെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇക്ക് നേരെ നടന്ന ആക്രമണത്തെ യു.എസ്, സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു.
മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം, ഐകാഡ്-3 മേഖലയിലെ അബൂദബി പെട്രോളിയം കമ്പനിയായ അഡ്നോകിന്റെ സ്റ്റോറേജിന് സമീപമാണ് മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് തീയും പുകയും ഉയരുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുസംഭവങ്ങളിലും പൊലീസ് അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക പരിശോധനയിൽ ഡ്രോണുകളുമായി ബന്ധപ്പെട്ട പറക്കുന്ന വസ്തു ഈ പ്രദേശങ്ങളിൽ വീണതാണ് തീപിടുത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് രാത്രിയാണ് ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.