ദുബൈ: റോഡ് ഗതാഗത അതോറിറ്റിയുടെ വൻകിട റോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു. ശൈഖ് റാശിദ് ബിൻ സഈദ് കോറിഡോറിന്റെ ആദ്യഘട്ടമാണ് യാത്രക്കാർക്കായി തുറന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈ റാസൽ ഖോർ റോഡിലെ യാത്രാസമയം 20 മിനിറ്റിൽനിന്ന് ഏഴായി കുറയുമെന്നും അധികൃതർ വ്യക്തമാക്കി.
ബൂകദ്റ മുതൽ നാദ് അൽ ഹമർ വരെ നീളുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. മൂന്ന് ലൈനുള്ളത് ഇവിടെ നാല് ലൈനുകളായാണ് വികസിപ്പിച്ചത്. ഏതാണ്ട് നാലു കിലോമീറ്റർ ദൈർഘ്യത്തിലാണ് വികസനം. ദുബൈ ക്രീക്ക് ഹാർബറിലേക്കുള്ള എല്ലാ പാലങ്ങളും തുറന്നു. ഇതോടെ ക്രീക്ക് ഹാർബറിലേക്ക് കൂടുതൽ വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
പദ്ധതി പൂർത്തിയാവുന്നതോടെ വൻ വികസനക്കുതിപ്പിനാകും പ്രദേശം സാക്ഷ്യംവഹിക്കുക. പദ്ധതിയിൽ നിർമിക്കുന്ന പാലത്തിന് 1730 മീറ്റർ നീളമുണ്ട്. ഇതുവഴി മണിക്കൂറിൽ പതിനായിരത്തിലേറെ വാഹനങ്ങൾക്ക് കടന്നുപോവാനാവും. പദ്ധതി യാഥാർഥ്യമാകുമ്പോള്‍ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ബൂ കദ്റ ജങ്ഷൻ എന്നിവ മുഖേനയുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് ഏഴുമിനിറ്റായി ചുരുങ്ങും.
ശൈഖ് റാശിദ് ബിൻ സഈദ് കോറിഡോർ പദ്ധതി നിലവിൽ ആർ.ടി.എ നടപ്പിലാക്കുന്ന ഏറ്റവും വലിയ റോഡ് വികസന പ്രവർത്തനമാണെന്നും വിപുലമായ തോതിലുള്ള റോഡ് വികസന പദ്ധതികളാണ് ദുബൈയിൽ പൂർത്തിയാകുന്നതെന്നും ആർ.ടി.എ ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.