അബൂദബി: ഗോള്‍ഡന്‍ വിസകള്‍ നല്‍കി പ്രഫഷനലുകളെയും സെലിബ്രിറ്റികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുപിന്നാലെ അബൂദബിയില്‍ പൂര്‍ത്തിയാവുന്നത് നാല് വന്‍കിട താമസപദ്ധതികള്‍. ലുവർ അബൂദബി റെസിഡന്‍സ്, റീം ഹില്‍സ്, ബ്ലൂം ലിവിങ്, അല്‍ നൗറാസ് ഐലൻഡ് എന്നീ നാലു പ്രോജക്ടുകളാണ് നിര്‍മാണം പുരോഗമിക്കുന്നത്.
ലുവർ അബൂദബി റെസിഡന്‍സ്:
ലോകപ്രസിദ്ധ മ്യൂസിയത്തിനു സമീപമാണ് ദ ലുവർ അബൂദബി റെസിഡന്‍സ് ഒരുക്കുന്നത്. ഇവിടെനിന്ന് മനോഹരമായ കടല്‍ക്കാഴ്ചയും സാധ്യമാവും. 2025ഓടെ പദ്ധതി കൈമാറ്റം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍. 400 അപ്പാർട്മെന്‍റുകളാണ് ഇവിടെ തയാറാക്കുന്നത്. 12 സീറ്റുകളുള്ള സ്വകാര്യ തിയറ്റര്‍, ജിംനേഷ്യം, യോഗ, ധ്യാനം, കുട്ടികള്‍ക്കുള്ള ഇന്‍ഡോര്‍ കളിയിടം എന്നിവ ഉള്‍ക്കൊള്ളുന്ന ലസലന്‍ ഡെടന്‍റ് എന്ന ലോഞ്ച് ഇവിടത്തെ താമസക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. 13 ലക്ഷം ദിര്‍ഹമാണ് അപ്പാർട്മെന്‍റിന്‍റെ പ്രാരംഭ വില.
റീം ഹില്‍സ്:
റീം ദ്വീപിലാണ് മനുഷ്യനിര്‍മിത കുന്നും അതിനു മുകളില്‍ താമസകേന്ദ്രങ്ങളും ഒരുക്കുന്നത്. 2.1 ബില്യന്‍ ഡോളറാണ് റീം ഹില്‍സ് പദ്ധതി ചെലവ്. സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍, കമ്യൂണിറ്റി സെന്‍റര്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും റീം ഹില്‍സിലുണ്ടാവും. അതേസമയം, ഈ കുന്നിന്‍റെ വലുപ്പം എത്രയാകുമെന്ന വിവരം പുറത്തുവന്നിട്ടില്ല.
അല്‍ നൗറാസ് ഐലൻഡ്:
എല്‍.എക്‌സ്.ആര്‍ ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്‌സിന്‍റെ ആഡംബര റിസോർട്ടാണ് ഇവിടെ തുറക്കുന്നത്. 2023ലാവും ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാവുക. 80 ബീച്ച് ആൻഡ് വാട്ടര്‍ വില്ലകള്‍, 450 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച രണ്ട് ബെഡ്‌റൂം റോയല്‍ വില്ല, ഗോള്‍ഫ് കോഴ്‌സ് എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്. ഇതിനുപുറമെ ജിംനേഷ്യം, ഫിറ്റ്‌നസ് സ്റ്റുഡിയോ, നീന്തൽക്കുളങ്ങള്‍, ടെന്നിസ് ഗ്രൗണ്ട് എന്നിവ സജ്ജമാക്കും.
ബ്ലൂം ലിവിങ്:
ബ്ലൂം ഹോള്‍ഡിങ്ങിന്‍റെ ബ്ലൂം ലിവിങ് പ്രോജക്ട് ഒമ്പത് ശതകോടി ദിര്‍ഹം ചെലവുവരുന്നതാണ്. സ്പാനിഷ് മാതൃകയിലുള്ള 4000 വില്ലകളും ടൗണ്‍ ഹൗസുകളും അപ്പാർട്മെന്‍റുകളുമാണ് ബ്ലൂം ലിവിങ് തീര്‍ക്കുക. ഇവക്കുചുറ്റം വലിയ തടാകവും ബ്ലൂം ഹോള്‍ഡിങ് ഒരുക്കും. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തോടുചേര്‍ന്ന് നിര്‍മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊര്‍ദോബ എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്തവര്‍ഷം ഒക്ടോബറില്‍ ഈ ഘട്ടം പൂര്‍ത്തിയാവും. 22 ലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി ഒരുക്കുന്നത്. ക്ലിനിക്ക്, രണ്ട് അന്താരാഷ്ട്ര സ്‌കൂളുകള്‍, ഷോപ്പുകള്‍, കഫേകള്‍, റസ്‌റ്റാറന്‍റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലാസയും പദ്ധതിയിലുണ്ട്. 15 ലക്ഷം ദിര്‍ഹമാണ് വില്ലയുടെ ആരംഭ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.