അൽഐൻ: 40 വർഷത്തെ യു.എ.ഇയിലെ പ്രവാസം അവസാനിപ്പിച്ച് സന്തോഷ് പണിക്കർ ഷൊർണൂരിലേക്ക് മടങ്ങുന്നത് മലയാളക്കരയിലൊരു ജീവിതം സ്വപ്നം കണ്ടാണ്. ജനനവും സ്കൂൾ വിദ്യാഭ്യാസവും ബോംബെയിൽ. ഷൊർണൂർ സ്വദേശിയായിരുന്ന അച്ഛന് ബോംബെയിൽ പവർ കേബിൾസിൽ ആയിരുന്നു ജോലി. അച്ഛൻ ബോംബെയിലെ ജോലി അവസാനിപ്പിച്ച് മദ്രാസിൽ ബിസിനസ് തുടങ്ങിയതോടെ കുടുംബം അങ്ങോട്ട് താമസം മാറി. മദ്രാസിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി ഒരുവർഷക്കാലം ബോംബെയിൽ ജോലിയും ചെയ്ത് 1981 ആഗസ്റ്റ് 20നാണ് ദുബൈയിൽ എത്തുന്നത്. തുടർന്ന് ഏഴു വർഷക്കാലം കാർസ് എന്ന കമ്പനിയിൽ ഫോർമാനായി.
പിന്നീട് ബുറൈമി കാർസ് എന്ന സ്ഥാപനത്തിൽ മൂന്നുവർഷം. പഠനവും പ്രവർത്തന പരിചയവും വെച്ച്, 1991ൽ അൽഐൻ സനാഇയയിൽ അൽ ഫാനൂസ് എന്ന പേരിൽ സ്വന്തമായൊരു ഗ്യാരേജ് തുടങ്ങി. തെൻറ ഗ്യാരേജിൽ ബെൻസ് കമ്പനിയുടെ കാറുകളുടെ ജോലികൾ മാത്രമാണ് ചെയ്തിരുന്നത് എന്നതിനാൽ 'ബെൻസ് സന്തോഷ്' എന്ന പേരിലാണ് അൽഐനിൽ അദ്ദേഹം അറിയപ്പെടുന്നത്. 1986ൽ ഡ്രൈവിങ് ലൈസൻസ് കിട്ടിയത് മുതൽ ബെൻസ് കമ്പനിയുടെ കാർ മാത്രമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത് എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
നീണ്ട കാലത്തെ ജീവിതത്തിനിടയിൽ കുടുംബംകൊണ്ട് മലയാളിയാണെങ്കിലും കേരളത്തിൽ താമസിച്ചത് ഏതാനും മാസങ്ങൾ മാത്രമാണ്. തെൻറ ഗ്യാരേജ് വിൽപന നടത്തി നാട്ടിലേക്ക് മടങ്ങുമ്പോൾ ശിഷ്ടകാലം പാലക്കാട് ഷൊർണൂരിലെ സ്വന്തം വീട്ടിൽ താമസമാക്കി അവിടെയുള്ള ചെറിയ സംരംഭങ്ങൾ നോക്കി നടത്താനാണ് സന്തോഷിെൻറ ആഗ്രഹം. മൂന്നു പതിറ്റാണ്ടിനടുത്ത് ഭാര്യ പ്രിയ സന്തോഷും ഇദ്ദേഹത്തോടൊപ്പം അൽഐനിൽ ഉണ്ടായിരുന്നു. 1992 ഏപ്രിലിൽ വിവാഹം കഴിഞ്ഞ ഉടനെ സന്തോഷിനൊപ്പം അൽഐനിൽ എത്തിയതാണ് പ്രിയ. മലപ്പുറം ജില്ലയിലെ വാഴയൂർ കക്കോവ് സ്വദേശിനിയാണ് പ്രിയ. തീരെ മലയാളം അറിയാതിരുന്ന സന്തോഷിനെ മലയാളം പഠിപ്പിച്ച തെൻറ അധ്യാപികയാണ് പ്രിയ എന്നാണ് സന്തോഷ് പറയുന്നത്. ഒരാഴ്ച മകനോടൊപ്പം ദുൈബയിൽ താമസിച്ച് സന്തോഷും പ്രിയയും ഒരുമിച്ച് അവിടെനിന്നും നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.