അബൂദബി: യു.എ.ഇയുടെ 53ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 53 ജി.ബി സൗജന്യ ഡേറ്റ ലഭിക്കുന്നുവെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യു.എ.ഇയിലെ ടെലികോം കമ്പനികൾ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കണമെന്നും അത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നത്. 53 ജി.ബി സൗജന്യ ഡേറ്റ പാക്കേജ് എന്ന വ്യാജ സന്ദേശം വാട്സ്ആപ് വഴിയും ടെക്സ്റ്റ് സന്ദേശങ്ങളായും പലരുടെയും ഫോണുകളിലെത്തിയതായി പ്രവാസികളും സാക്ഷ്യപ്പെടുത്തുന്നു. എല്ലാ നെറ്റ്വർക്കുകളിലും 53 ജി.ബി സൗജന്യ ഡേറ്റ ലഭ്യമാണെന്നും മൂന്ന് മാസത്തേക്ക് സാധുവാണെന്നും എന്റെ ഓഫർ ഞാൻ സ്വന്തമാക്കിയെന്നും പറയുന്ന സന്ദേശത്തിനൊടുവിലാണ് വ്യാജ ലിങ്ക് ചേർത്ത് ‘ഇവിടെ ക്ലിക്ക് ചെയ്യുക’ എന്ന് പറയുന്നത്.
എപ്പോഴും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ടെലികോം കമ്പനികൾ പറയുന്നത്. സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കണമെന്നും, ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ഓഫറുകൾ പരിശോധിക്കണമെന്നും എക്സ് പോസ്റ്റിലൂടെ ടെലികോം കമ്പനി ഉപഭോക്താക്കളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.