അബൂദബി: പ്രഥമ ഗയാത്തി ഫാൽക്കൺ ചാമ്പ്യൻഷിപ് 2024ന് അബൂദബിയിൽ തുടക്കമായി. രാജ്യത്തിന്റെ സാംസ്കാരിക, സാമൂഹിക പൈതൃകവുമായി ഇഴചേർന്നു കിടക്കുന്ന പരമ്പരാഗത കായികവിനോദത്തിന്റെ ആഘോഷമായ പരിപാടി ജനുവരി 10നാണ് സമാപിക്കുക. ഫാൽക്കണുകളുടെ സംരക്ഷണത്തിൽ വിദഗ്ധരായവരുടെ സമ്മേളനവേദിയായി മാറും ഗയാത്തി ചാമ്പ്യൻഷിപ്. അൽധഫ്ര മേഖലയിലെ ഗയാത്തിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പ്രമുഖരായ ഫാൽക്കൺ ഉടമകളും പ്രഫഷനലുകളും സംബന്ധിക്കുന്നുണ്ട്.
വിവിധ വിഭാഗങ്ങളിലായി 18 റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളിൽ ജേതാക്കളാവുന്നവർക്ക് മികച്ച സമ്മാനമാണ് നൽകുക. ഗിയർ ഷഹീൻ, ഗിയർ പ്യുർ, ഗിയർ ഖർമൂഷ, ഗിയർ തബ എന്നീ ചിക്സ് ഇനങ്ങളിലെ ഫാൽക്കണുകൾക്ക് നാലു റൗണ്ടുകളാണ് മത്സരം. ജർനാസ് ഫാൽക്കൺ ഉടമകൾക്കും നാലു റൗണ്ടാണ് മത്സരം. ചിക്സ്, ജർനാസ് ഇനങ്ങളുടെ പ്രഫഷനൽ വിഭാഗത്തിൽ എട്ടു റൗണ്ടാണ് മത്സരം. ചാമ്പ്യൻഷിപ്പിന്റെ സമാപന ദിവസം ഗയാതി കപ്പ്, ഉടമകൾക്കുള്ള ഗയാത്തി കപ്പ് എന്നിങ്ങനെ രണ്ടു റൗണ്ടുകൾ നടത്തും.
എല്ലാ വിഭാഗം മത്സരങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവരാണ് അവസാന ദിവസത്തെ രണ്ടു റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുക. അബൂദബി നാഷനൽ ഓയിൽ കമ്പനി, അബൂദബി സ്പോർട്സ് കൗൺസിൽ, ലിവ സ്പോർട്സ് ക്ലബ്, അബൂദബി ഫാൽക്കണേഴ്സ് ക്ലബ്, അൽ ധഫ്ര മുനിസിപ്പാലിറ്റി, അബൂദബി പൊലീസ് എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.