ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്.
ദുബൈയിലെ വിവിധ നിർമാണ സ്ഥലങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികൾക്ക് ശീതളപാനീയങ്ങളും ലഘുഭക്ഷണങ്ങളും പദ്ധതിയിൽ വിതരണം ചെയ്തു. ഇതിനകം 8,000 തൊഴിലാളികൾക്ക് ഈ സംരംഭം പ്രയോജനകരമായതായി ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു.
തൊഴിൽ-ജീവിതനിലവാരം മെച്ചപ്പെടുത്താനും അതുവഴി തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സംരംഭമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും തൊഴിലാളി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെ മാനിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
‘ഫ്രിഡ്ജ് അൽ ഫരീജ്’ ഉദ്യമം തൊഴിലാളികൾക്ക് ആവശ്യമായ സഹായവും പരിചരണവും നൽകാനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതാണെന്ന് ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടറും ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. പദ്ധതി ദേശീയലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വലിയ സംഭാവന നൽകുമെന്ന് മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.