ദുബൈ: ദുബൈയിലൂടെ യാത്ര ചെയ്യുന്നവരുടെ വ്യക്തിഗത സംതൃപ്തി മനസ്സിലാക്കാൻ ജി.ഡി.ആർ.എഫ്.എ ഓൺലൈൻ സർവേക്ക് തുടക്കമിട്ടു. വകുപ്പിെൻറ സമൂഹ മാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്ത ലിങ്ക് വഴി യാത്രക്കാർക്ക് സർവേയിൽ പങ്കാളികളാവാം.കര -നാവിക-വ്യോമ മാർഗങ്ങളിലൂടെ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തവർക്ക് യാത്രവേളയിൽ ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ വേണ്ടിയാണ് വകുപ്പ് ഇത്തരത്തിൽ അഭിപ്രായ സർവേക്ക് തുടക്കമിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്താനും അവരുടെ അഭിപ്രായങ്ങൾ നൽകാനും സർവേയിലെ ചോദ്യാവലിയിൽ സൗകര്യമുണ്ട്.
അറബിയിലും ഇംഗ്ലീഷിലും ആളുകൾക്ക് പ്രതികരണം അറിയിക്കാമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു. സർവേ ഫലങ്ങൾ വകുപ്പ് വെളിപ്പെടുത്തും. യാത്രവേളയിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ജി.ഡി.ആർ.എഫ്.എ പ്രവർത്തിക്കുന്നത്.ജനസന്തുഷ്ടി രേഖപ്പെടുത്തുന്നതിന് ഭരണകൂട നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അൽ മറി വ്യക്തമാക്കി. ദുബൈയിലെ യാത്രക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കാൻ ഇത്തരത്തിലുള്ള സർവേ ഏറെ സഹായിക്കും. അതുവഴി ഏറ്റവും മികച്ച സന്തോഷകരമായ സേവനം നൽകാൻ കഴിയും. ഓൺലൈൻ ലിങ്കിൽ പേരും മൊബൈൽ നമ്പറും നൽകിയാണ് ഉപഭോക്താക്കൾക്ക് സർവേയിൽ പങ്കെടുക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.