ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെത്തിയ 'ഗാലിബ് ഇൻ ന്യൂഡൽഹി' എന്ന മുഴുനീള ഹാസ്യനാടകം കാണികളിൽ ചിരിയും ചിന്തയും ഉണർത്തി. 1997ൽ ആരംഭിച്ച ഗാലിബ് ഇൻ ന്യൂ ഡൽഹി 500ലേറെ തവണ അരങ്ങിലെത്തിയിട്ടുണ്ട്. 21ാം നൂറ്റാണ്ടിൽ ന്യൂഡൽഹിയിലെത്തിയ ഗാലിബ്, കവിതയിലും ഗസലിലും വന്ന മാറ്റങ്ങൾ കണ്ട് സ്തംഭിച്ച് നിൽക്കുന്നു.
വർത്തമാനകാലത്തെ ഇന്ത്യയുടെ മാറ്റം കവിതയെയും കലകളെയും സ്വാധീനിച്ച വിധം ഗാലിബ് വായിച്ചെടുക്കുന്നു. 19ാം നൂറ്റാണ്ടിലെ കവിയായ മിർസ ഗാലിബ് 21ാം നൂറ്റാണ്ടിലെ ഡൽഹിയിൽ പുനർജനിച്ചാൽ എന്തു സംഭവിക്കും. അയാൾക്ക് അതിജീവിക്കാൻ കഴിയുമോ, നഗരത്തിെൻറ ദ്രുതഗതി വഴങ്ങുമോ, അതിലും പ്രധാനമായി, പഴയ ഡൽഹിയിലെ ബല്ലിമാരനിൽ സ്ഥിതിചെയ്യുന്ന തെൻറ ഹവേലി അവകാശപ്പെടാൻ അദ്ദേഹത്തിന് കഴിയുമോ തുടങ്ങിയ ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന നാടകം ഇടവേളകളില്ലാതെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
1989ൽ രൂപവത്കൃതമായ ന്യൂ ഡൽഹി ആസ്ഥാനമായുള്ള നാടകസംഘമായ പിയറോസ് ട്രൂപ്പാണ് നാടകം വേദിയിലെത്തിച്ചത്. ആദ്യമായാണ് ഷാർജയിൽ ഈ നാടകം അരങ്ങേറുന്നത്. പിയറോസ് ട്രൂപ്പ് നയിക്കുന്നത് നാടകകൃത്തും സംവിധായകനുമായ ഡോ. എം. സയീദ് ആലമാണ്. അലീഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ഇൻറർനാഷനൽ പൊളിറ്റിക്സിൽ പിഎച്ച്.ഡി നേടിയ ആലം പുസ്തക രചയിതാവും 17 ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.