ദുബൈ: ഗുരുവായൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഗ്രാന്മ ഗുരുവായൂർ ഗ്രാമോത്സവം നാലാം സീസണിന്റെ ബ്രോഷർ നടനും സംവിധായകനും കഥാകൃത്തുമായ മധുപാൽ പ്രകാശനം ചെയ്തു. 2025 ജനുവരി 19ന് ദുബൈ ഖിസൈസ് ക്രസന്റ് സ്കൂളിൽ നടക്കുന്ന പരിപാടിക്ക് `ഒരു മുത്തശ്ശിക്കഥ ഫ്രം തൃശൂർ ടു ദുബൈ' എന്നാണ് പേരിട്ടിരിക്കുന്നത്.
ഗ്രാമീണാന്തരീക്ഷം പകരുന്ന തട്ടുകടകളും ഗ്രാമച്ചന്തകളും നാടൻകലകളും ചെണ്ടമേളവും ബാൻഡ് സെറ്റും ഇമാറാത്തി സംസ്കാരം വിളിച്ചോതുന്ന പരിപാടികളും സമന്വയിക്കുന്ന ഗ്രാമോത്സവത്തിൽ ഇതാദ്യമായി കേരളത്തിലെ പാരമ്പര്യ കലയായ തോൽപ്പാവക്കൂത്ത് അരങ്ങേറും. രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലുള്ള `കൃഷ്ണൻ കുട്ടി പുലവർ സ്മാരക തോൽപ്പാവക്കൂത്ത് ആൻഡ് പപ്പറ്റ് സെന്ററി'ലെ കലാകാരന്മാരാണ് പാവക്കൂത്ത് അവതരിപ്പിക്കുന്നത്.
ക്ലാസിക്കൽ നൃത്തം, കളരിപ്പയറ്റ്, പഞ്ചവാദ്യം എന്നിവയും സാംസ്കാരിക സമ്മേളനത്തിനുശേഷം പ്രശസ്ത സംഗീത സംവിധായകനും ഊദ് വാദകനുമായ ബോണി എബ്രഹാം നയിക്കുന്ന സംഗീത പരിപാടിയിൽ പിന്നണി ഗായകൻ യദു കൃഷ്ണൻ പങ്കെടുക്കും. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലാണ് പരിപാടിയുടെ സംവിധാനം നിർവഹിക്കുന്നത്.
ദുബൈയിൽ നടന്ന ബ്രോഷർ പ്രകാശന ചടങ്ങിൽ ഗ്രാന്മ ഗുരുവായൂർ പ്രസിഡന്റ് പ്രതീഷ് ചാണയൻ, പ്രോഗ്രാം കൺവീനർ നിസാർ ചുള്ളിയിൽ, രക്ഷാധികാരി അബ്ദുൽ നാസർ, ട്രഷറർ ഇംത്യാസ്, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളായ മുസ്തഫ കണ്ണാട്ട്, ഉണ്ണി, നിയാസ്, സുകുമാരൻ, ജമാൽ മന്തിയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.