കോവിഡ് മഹാമാരി ലോകത്ത് തൊഴിൽ മേഖലയിൽ സൃഷ്ടിച്ച പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങളാണ് ഡിജിറ്റൽ നാടോടികളും വർക് അറ്റ് ഹോമും. നേരത്തെ തന്നെ ഈ സംവിധാനമുണ്ടായിരുന്നെങ്കിലും ലോകം ലോക്ഡൗണിൽ കുരുങ്ങിയപ്പോഴാണ് ഇത് വ്യാപകമായത്. വർക് അറ്റ് ഹേം എന്നത് പൊതുവെ എല്ലാവർക്കുമറിയാം. വീട്ടിലിരുന്ന് ജോലി ചെയ്യലാണത്. ഇതിെൻറ സാമൂഹിക-സാമ്പത്തിക ഗുണങ്ങളും പ്രത്യാഘാതങ്ങളും ഇന്ന് ചർച്ചചെയ്യപ്പെടുന്നുണ്ട്. വർക് അറ്റ് ഹോമിെൻറ മറ്റൊരു രൂപമാണ് വിദൂരങ്ങളിൽ നിന്ന് ജോലിനിർവഹിക്കുന്ന ഡിജിറ്റൽ നാടോടികൾ. ഈ സംവിധാനത്തിൽ കമ്പനി ലോകത്തിലെ ഏത് പ്രദേശത്തായാലും പ്രശ്നമില്ല. തൊഴിൽ ചെയ്യാൻ ഏറ്റവും മികച്ചതെന്ന് തോന്നുന്ന അന്തരീക്ഷം തെരഞ്ഞെടുക്കുകയും അവിടെയിരുന്ന് ജോലി ചെയ്യുകയുമാണ് രീതി. ആരോഗ്യ സുരക്ഷിതത്വവും ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സാന്നിധ്യവും മികച്ച കലാവസ്ഥയും എല്ലാം ഡിജിറ്റൽ നാടോടികളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്.
ലോകത്തെ ഡിജിറ്റൽ നാടോടികളുടെ ഇഷ്ട നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ദുബൈ നഗരം. യാത്രാസൗകര്യം, സാങ്കേതിക രംഗത്തെ മികവ്, സുരക്ഷിതത്വം, കോവിഡ് നിയന്ത്രണത്തിലെ മുന്നേറ്റം, മികച്ച വിനോദസഞ്ചാര സാധ്യതകൾ എന്നിവയാണ് ഇത്തരക്കാരെ ഇവിടേക്ക് ആകർഷിക്കാനുള്ള കാരണം. അതിനൊപ്പം വിദൂരതൊഴിൽ നിർവഹിക്കുന്നവർക്ക് ഒരു വർഷത്തെ വിസ അനുവദിക്കാനുള്ള സർക്കാർ തീരുമാനവും വളർച്ചയെ ത്വരിതപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദുബൈ ഇത്തരത്തിൽ ലോകത്തെമ്പാടുമുള്ള വിദൂരജോലിക്കാർക്ക് കുടുംബത്തിനൊപ്പം നഗരത്തിൽ വന്നു കഴിയാനും ജോലി ചെയ്യാനുമായി വിസ അനുവദിച്ചത്.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന 'വർക് ഫ്രം എനിവേർ'സൂചികയിൽ മെൽബണാണ് ഒന്നാമതെത്തിയത്. സിഡ്നി, ടളിൻ, ലണ്ടൻ, ടോക്യോ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളാണ് ദുബൈക്ക് പിറകിലുള്ളത്. ഓരോ നഗരത്തിലും താമസിച്ച് ജോലിചെയ്യുന്നതിനുള്ള സൗകര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ചിലവ്, അടിസ്ഥാന സൗകര്യങ്ങൾ, നികുതി, സ്വാതന്ത്യം, സുരക്ഷ, ജീവിതസാഹചര്യം എന്നിവ പഠനത്തിൽ പരിഗണനീയമായി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വിദൂര ജോലി'ന്യൂ നോർമൽ'ആകുന്ന ഘട്ടത്തിൽ, ചില രാജ്യങ്ങൾ എവിടെനിന്നും ജോലി എന്നതിനെ പിന്തുണച്ച് നിയമനിർമ്മാണം നടത്തുകയും തൊഴിലാളികൾക്ക് അവരുടെ ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളിലേക്ക് താമസം മാറ്റാനുള്ള സാധ്യത തുറക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് പുറത്തുവിട്ട നെസ്റ്റ്പിക്ക് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.