ഷാർജ: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്തോ-അറബ് വാണിജ്യ-സാംസ്കാരിക ബന്ധത്തിന് കൂടുതൽ കരുത്തേകാൻ ഗൾഫ് മാധ്യമം രൂപകൽപന ചെയ്ത കമോൺ കേരളയിൽ ഇന്ത്യയിലെയും അറബ് ലോകത്തെയും വനിത പ്രതിഭകൾക്ക് സ്നേഹാദരം. മാറുന്ന ലോകത്തെ മുന്നിൽനിന്ന് നയിക്കുന്നതിൽ മാതൃകയായ അഞ്ചു വനിതകളെയാണ് ഗൾഫ് മാധ്യമം ഈസ്റ്റേൺ ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നത്.
ഭരണനിർവഹണം, സംരംഭകത്വം, കല, വിനോദം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യ ശൂറ കൗൺസിൽ അംഗം ലിന അൽ മഈന, സുൽത്താൻ ബിൻ അലി അൽ ഉവൈസ് റിയൽ എസ്റ്റേറ്റ് സി.ഇ.ഒ ഹലീമ ഹുമൈദ് അൽ ഉവൈസ്, പാറ്റേൺ ആർട്ടിസ്റ്റ് ഓഡ്രി മില്ലർ എന്നിവരാണ് അറബ് മേഖലയിൽനിന്ന് അവാർഡിന് അർഹരായത്. ശീമാട്ടി ഉടമ ബീന കണ്ണൻ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജുമാന ഖാൻ എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാർ.
വനിതകളുടെ കായിക ശാക്തീകരണത്തിന് ചുക്കാൻപിടിച്ച് സൗദിയിലെ കായികമേഖലയിൽ വിപ്ലവം സൃഷ്ടിച്ച വനിതയാണ് ലിന അൽ മഈന. പെൺകുട്ടികൾക്കുള്ള ജിദ്ദ യുനൈറ്റഡ് സ്പോർട്സ് ക്ലബിന്‍റെ സ്ഥാപകയായ ലിന സൗദിയിലെ ശൂറ കൗൺസിൽ അംഗവുമാണ്. ബാസ്കറ്റ് ബാൾ ദേശീയ ടീമിനെ നയിച്ച ലിന ആദ്യമായി എവറസ്റ്റ് കീഴടക്കിയ സൗദിയിൽനിന്നുള്ള 10 അംഗ വനിത സംഘത്തിലും അംഗമായിരുന്നു.
സുൽത്താൻ ബിൻ അലി അൽ ഉവൈസ് റിയൽ എസ്റ്റേറ്റ് സി.ഇ.ഒ ആയ ഹലീമ ഹുമൈദ് അൽ ഉവൈസ് യു.എ.ഇയിലെ പ്രമുഖ ഇമാറാത്തി സംരംഭകരിൽ ഒരാളാണ്.
കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ മികച്ച പ്രവർത്തനമാണ് ഹലീമ കാഴ്ചവെക്കുന്നത്. ബിസിനസിലും പർവതാരോഹണം പോലുള്ള വിനോദങ്ങളിലും ഹലീമ ഒരേപോലെ മികവു തെളിയിച്ചിട്ടുണ്ട്. പാറ്റേൺ ആർട്ടിസ്റ്റും അമേരിക്കൻ ഡിസൈനറും സംരംഭകയുമായ ഓഡ്രി മില്ലർ പുരാതന നാഗരികതകളുടെ കലയുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പാറ്റേൺ അടിസ്ഥാനമാക്കിയുള്ള കലയിൽ നവീന ആശയങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മസ്തിഷ്കാഘാതം കാഴ്ചശക്തിയെ ബാധിച്ചെങ്കിലും കലയുടെ ലോകത്തേക്ക് ഇച്ഛാശക്തിയും സമർപ്പണവും കൊണ്ട് തിരിച്ചെത്തിയ കലാകാരിയാണ് ഓഡ്രി മില്ലർ.
ഇന്ത്യയുടെ പൗരാണിക നെയ്ത്തുകലയെ സംരക്ഷിക്കുന്നതിനും ലോകത്തിനുമുന്നിൽ വർണാഭമായി അവതരിപ്പിക്കുന്നതിനും നാലു ദശകങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ബീന കണ്ണനെ അവാർഡിന് തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർ, മനക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലായ വനിത സംരംഭക എന്നീ നിലകളിലും ശ്രദ്ധേയയാണ് ബീന കണ്ണൻ.
കേരളത്തിൽ ജനിച്ച് ഗൾഫ് മേഖലയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറിയ ജുമാന ഖാൻ, ഫാഷൻ, ട്രാവൽ വ്ലോഗ് തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ബുർജ് ഖലീഫയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട മലയാളി എന്ന പ്രത്യേകതയും ജുമാനക്കുണ്ട്. ടിക്ടോക്കിൽ 90 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 41 ലക്ഷവും ഫോളോവേഴ്സുള്ള ജുമാന അടുത്തിടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഷാർജ എക്സ്പോ സെന്‍ററിൽ ജൂൺ 25ന് വൈകീട്ട് ഇന്ത്യയിലെയും അറബ് ലോകത്തെയും പ്രമുഖർ അണിനിരക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.