അബൂദബി: രാജ്യമൊട്ടുക്കും അപ്രതീക്ഷിതമായി മഴ മുന്നറിയിപ്പ് നൽകപ്പെട്ട ദിവസമായിട്ടും അൽ ഹുദൈരിയാത്ത് ദ്വീപിലെ ഹാർമോണിയസ് കേരള വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഞായറാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നിട്ടും വൈകുന്നേരം ഏഴു മണിയോടെ വേദി ജനങ്ങളാൽ നിറഞ്ഞു കവിഞ്ഞിരുന്നു. ഉദ്ഘാടന ചടങ്ങിനുശേഷം സിനിമാതാരങ്ങളായ മുകേഷ്, സിദ്ദീഖ്, ലാൽ എന്നിവർ അന്തരിച്ച സിദ്ദീക്കിനെ അനുസ്മരിച്ചു നടത്തിയ സംസാരങ്ങൾ മലയാള സിനിമയുടെ ഒരു പ്രതാപകാലത്തേക്ക് പ്രേക്ഷകരുടെ ഓർമകളെ തിരിച്ചുകൊണ്ടുപോകുന്നതായിരുന്നു.
ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളും ഹർ ഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഏറ്റുവാങ്ങാൻതക്കവണ്ണം വന്നുചേർന്ന കാണികൾക്ക് പരിപാടിയുടെ രണ്ടാം പാതിയിൽ പെയ്ത മഴ നിരാശ സമ്മാനിക്കുന്നതായിരുന്നു.
എങ്കിലും പ്രതികൂല കാലാവസ്ഥയിലും മലയാളമണ്ണിലെ സിനിമാതാരങ്ങളും പിന്നണിതാരങ്ങളും അടക്കം കലാകാരന്മാരുടെ വൻനിരയെ അബൂദബിയിൽ സ്നേഹപൂർവമാണ് വരവേറ്റത്. സഹിഷ്ണുതയുടെ മഹാനഗരിയിൽ സംഗീതത്തിന്റെ ആവേശം പെയ്യിക്കാൻ വീണ്ടുമെത്താനുള്ള ആഗ്രഹം പങ്കുവെച്ചാണ് കലാകാരന്മാരും താരങ്ങളും അബൂദബി വിട്ടത്. ഏറെ തയാറെടുപ്പുകളോടെ സംഘടിപ്പിച്ച പരിപാടി പൂർണമായും കാണികളിൽ എത്തിക്കാൻ സാധിക്കാത്തത് സംഘാടകർക്കും നിരാശ പടരുന്നതായി.
അബൂദബി: അക്ഷരാർഥത്തിൽ അബൂദബിയിലെ മലയാളി പ്രവാസികളുടെ ഉത്സവമായി മാറിയ ഹാർമോണിയസ് കേരളയിൽ പ്രിയ കൂട്ടുകാരൻ സംവിധായകൻ സിദ്ദീഖിന്റെ ഓർമകൾ അയവിറക്കുന്നതിനിടെ വിതുമ്പലടക്കാനാവാതെ കൂട്ടുകാർ.
നടന്മാരായ സിദ്ദീഖും മുകേഷും കൂട്ടുകാരന്റെ കൂടെയുള്ള അത്യപൂർവ നിമിഷങ്ങൾ ഓർത്തെടുത്തത് സദസ്സിനെയും പഴയകാല ഓർമകളിലേക്ക് കൊണ്ടുപോയി. പേരിലെ ഒരുമക്കിപ്പുറം തന്റെ പേരിൽ അദ്ദേഹം ഇനിയില്ല എന്ന യാഥാർഥ്യത്തെ നടൻ സിദ്ദീഖ് ഓർമിച്ചു.തന്റെ ഗോഡ്ഫാദർ എന്ന എക്കാലത്തേയും ഹിറ്റ് മലയാള സിനിമയിൽ നായകനായി താൻ എത്തിയതിലും അഭിനയ ജീവിതത്തിന് വഴിത്തിരിവ് തന്നതിലും സിദ്ദീഖിന്റെ പ്രധാന്യം മുകേഷ് എടുത്തുപറഞ്ഞു.
മലയാളത്തിലെ എക്കാലത്തേയും മികച്ച സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിലെ മരിക്കാത്ത ഓർമകളുമയി നടൻ ലാൽ വേദിയിലെത്തിയതോടെ നടനൊപ്പം അബൂദബിയിൽ തിങ്ങിനിറഞ്ഞ പ്രവാസികളുടെയും കണ്ണ് നിറഞ്ഞു.തങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ ലാൽ വേദിയിൽ അവതരിപ്പിച്ചു. അവസാനം സദസ്സിലും വേദിയിലുമായി എല്ലാവരും എഴുന്നേറ്റുനിന്ന് പ്രിയ സംവിധായകന്റെ ഓർമകൾക്കു മുന്നിൽ ആദരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.