ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിലായ പ്രവാസി

പ്രാരബ്​ധങ്ങൾക്കൊപ്പം ഹൃദയാഘാതവും: പ്രവാസി സമൂഹത്തിൽ പ്രതീക്ഷയർപ്പിച്ച്​ ഉറ്റവര്‍

അജ്മാന്‍: ജീവിത പ്രാരബ്​ധങ്ങളും കേസും മൂലം ആറു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രി കിടക്കയില്‍. അജ്മാനിൽ സ്​റ്റേഷനറി സ്ഥാപനം നടത്തിയ വകയില്‍ 38,000 ദിര്‍ഹം ഇദ്ദേഹത്തിന് ബാധ്യത വന്നിരുന്നു. സ്ഥാപനത്തി‍‍െൻറ വാടകയിനത്തില്‍ ലഭിക്കാനുള്ള തുകക്കുവേണ്ടി കെട്ടിട ഉടമ പരാതി നല്‍കിയിട്ടുണ്ട്.

സാമ്പത്തിക ബാധ്യത തീര്‍ത്ത് നാടുപിടിക്കാനുള്ള ഒരു മാര്‍ഗവും കാണാത്തതിനെ തുടര്‍ന്ന് പ്രവാസി സമൂഹത്തി​െൻറ സഹായം അപേക്ഷിച്ച്​ കഴിഞ്ഞ ദിവസം 'ഗള്‍ഫ് മാധ്യമ'ത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനിടയിലാണ്​ ഹൃദയാഘാതം എത്തിയത്. കുന്നംകുളത്തുള്ള ജപ്തിഭീഷണി നേരിടുന്ന വീട് വിറ്റ്‌ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ആ ശ്രമവും ഫലവത്താവുന്നില്ലെന്ന വിഷമം ഉള്ളില്‍ പേറി നടക്കവെയാണ്​ ചൊവ്വാഴ്ച പുലർച്ച മൂന്നു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്​.

ഷാര്‍ജയിലെ സ്വകാര്യ ആശുപത്രിയില്‍​ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്​ ആൻജിയോഗ്രാം ചെയ്യാന്‍ 30,000 ദിര്‍ഹം വേണ്ടിവരുമെന്ന്​ അറിയിച്ചതിനെ തുടർന്ന്​ ദുബൈയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെയും ആവശ്യമുള്ള തുകയടക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കള്‍.

ആൻജിയോഗ്രാം ചെയ്യാന്‍ ആശുപത്രിയില്‍ എടുക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണമെന്ന ആവശ്യത്തിനു സുഹൃത്തുക്കള്‍ തിരക്കുമ്പോഴാണ് ഇദ്ദേഹത്തി‍‍െൻറ തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷമായി എന്നറിയുന്നത്. തല്‍ക്കാലം മറ്റൊരു മനുഷ്യസ്നേഹിയുടെ തിരിച്ചറിയൽ രേഖ നല്‍കിയാണ്‌ ഇദ്ദേഹത്തെ ഇപ്പോള്‍ അഡ്മിറ്റ്‌ ആക്കിയിരിക്കുന്നത്. ഇളയമകള്‍ ജനിച്ചിട്ട്‌ 28ാം ദിവസം നാട്ടില്‍നിന്ന്​ പുറപ്പെട്ട ഇദ്ദേഹത്തിന് ആറു വയസ്സുകാരി മകളുടെ പൊന്നോമന മുഖം കാണാന്‍ കഴിയണമെങ്കില്‍ പ്രവാസി സമൂഹത്തി​െൻറ അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്​.കേസ്​ തീർക്കാനാവശ്യമായ 38,000 ദിർഹമും ആശുപത്രി തുകയും ലഭിച്ചാൽ ഒരു കുടുംബത്തി​െൻറ കണ്ണീരിന്​ താൽക്കാലിക ശമനമാകും. ആശുപത്രിയില്‍ സഹായത്തിനു നില്‍ക്കുന്ന സുഹൃത്തി‍‍െൻറ നമ്പര്‍ 0557560162. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.