ദുബൈ: സംഗീതമെന്ന അമരസല്ലാപം ആസ്വദിക്കാൻ വിശ്വമേളയിലേക്ക് ജനമൊഴുകിയ ദിനമായിരുന്നു ശനിയാഴ്ച. രാത്രി ഏഴുമണിക്ക് ജൂബിലി പാർക്കിൽ നടന്ന എ.ആർ. റഹ്മാെൻറ ഫിർദൗസ് ഓർകസ്ട്രയുടെ പെർഫോമൻസ് കേൾക്കാൻ വേദിയും നിറഞ്ഞ ആൾക്കൂട്ടമായിരുന്നു. വളരെ നേരത്തെ എത്തിയവർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. വിശ്വമേളയുടെ ബഹിരാകാശ വാരത്തിെൻറ സമാപനം എന്നനിലയിൽ അവതരിപ്പിക്കപ്പെട്ട സംഗീതനിശ, ആസ്വാദകരിൽ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. പരിപാടിയുടെ തുടക്കത്തിൽ സദസ്സിനെ അഭിമുഖീകരിച്ച റഹ്മാൻ തമിഴിൽ 'വണക്കം, നൻട്രി' എന്നു പറഞ്ഞാണ് സംസാരം ആരംഭിച്ചത്.
ലോകോത്തരമായ വേദിയിൽ മികച്ച സംവിധാനമൊരുക്കി പരിഗണിച്ച എക്സ്പോ സംഘാടകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാൻ കേമ്പാസ് ചെയ്ത പ്രത്യേക രീതിയും ഉൾക്കൊള്ളിച്ചതായിരുന്നു ഓർകസ്ട്ര. 23 വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള 50 കലാകാരികളാണ് ഫിർദൗസ് ഓർകസ്ട്രയിൽ അണിചേർന്നത്. എക്സ്പോ ടി.വിയിലൂടെ ലൈവ് ബ്രോഡ്കാസ്റ്റിങ് വഴിയും നിരവധിപേർ പരിപാടി ആസ്വദിച്ചു.
വിഖ്യാത ബ്രിട്ടീഷ് സംഗീതജ്ഞൻ സമി യൂസുഫിെൻറ 'ബിയോണ്ട് ദി സ്റ്റാർസ്' എന്ന ഷോ അൽ വസ്ൽ പ്ലാസയിൽ വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറി. രാത്രി 8.30ന് ആരംഭിക്കുന്ന ഷോ കാണാനായി മണിക്കൂറുകൾക്ക് മുമ്പുതന്നെ ആസ്വാദകർ വേദിയിലെത്തിയിരുന്നു. ലോകമെമ്പാടുമുള്ള സംഗീതജ്ഞരുടെ വലിയനിരതന്നെ സമി യൂസുഫിനൊപ്പം വേദിയിലെത്തി. രണ്ട് തന്ത്രികളുള്ള ചൈനീസ് ഉപകരണമായ എർഹു വിദഗ്ധൻ ഗുവോ ഗാ, ഇന്ത്യൻ സിത്താറിസ്റ്റ് അസദ് ഖാൻ, മൊറോക്കൻ ഗായകൻ നബ്ലിയ മാൻ, അസർബൈജാനി ഗായകൻ തായാർ ബൈറമോവ് എന്നിവരുടെ അവതരണങ്ങളും ഖവാലി ഗാനങ്ങളും സദസ്സിനെ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.