ദുബൈ: പുതുവത്സരദിന തലേന്ന് ആരംഭിച്ച മഴ, യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും ശനിയാഴ്ചയും തുടർന്നു. ദുബൈ, അബൂദബി, ഷാർജ, റാസല്‍ഖൈമ എന്നിവിടങ്ങളിൽ രാവിലെ മുതൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഒഴിവുദിവസത്തെ മഴ പൊതുവെ താമസക്കാർക്ക് ആഹ്ലാദകരമായ അനുഭവമായിരുന്നു. ദുബൈയിൽ പുലർച്ചെയാണ് മഴ ആരംഭിച്ചത്. പിന്നീട് ഉച്ചയോടെ മിക്കയിടങ്ങളിലും ചാറ്റൽ മഴ വീണ്ടും തുടങ്ങി. വൈകുന്നേരത്തോടെ അങ്ങിങ്ങായി കനത്ത മഴയും ചിലയിടങ്ങളിൽ കാറ്റും വന്നെത്തി. ചില റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ അധികൃതർ വറ്റിച്ച് ഗതാഗത തടസ്സങ്ങൾ നീക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയായ ഹത്തയിലും നല്ല മഴ ലഭിച്ചു.
അബൂദബിയിൽ പുതുവത്സരപ്പുലരി പിറന്നത് കനത്ത മഴയോടെയായിരുന്നു. ശക്തമായ കാറ്റും ഇടിയും മിന്നലുമാണ് പുലർച്ചെ നാലേമുക്കാലോടെ ആരംഭിച്ചത്. തുടർന്ന് വന്ന മഴ ഏറിയും കുറഞ്ഞും ആറുമണി വരെ തുടർന്നു. അബൂദബി നഗരത്തിന്റെ ചില ഭാഗങ്ങളിൽ 22 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്. താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷാർജയിൽ മഴ ശക്തിപ്പെട്ടതോടെ വ്യവസായ മേഖലയിലെ റോഡുകളിൽ വെള്ളക്കെട്ടുയർന്നത് ഗതാഗതത്തെ ബാധിച്ചു. അന്നഹ്ദ, മുവൈല, അൽഖാൻ, അൽതാവൂൻ മേഖലകളിലും നല്ല മഴ ലഭിച്ചു.
വടക്കൻ മേഖലകളിലെ മലയോരങ്ങളിലും കിഴക്കൻ തീരത്തെ വാദികളിലും മഴ കിട്ടി. വാദി അൽ ഹിലു, മലീഹ, ഖോർഫക്കാൻ മേഖലകളിലെ കനാലുകളിൽ ശക്തമായ ഒഴുക്ക് രൂപപ്പെട്ടു. മഴ ശക്തിപ്പെട്ടതോടെ തണുപ്പിനും ശക്തികൂടിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ പരക്കെ മഴ ലഭിച്ചു. വെള്ളിയാഴ്ച ചില പ്രദേശങ്ങളില്‍ മാത്രമായിരുന്നു മഴ ലഭിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കനത്ത തോതില്‍ എല്ലാ പ്രദേശങ്ങളിലും റാസല്‍ഖൈമയില്‍ മഴ എത്തിയത്. മിന്നലിന്റെയും ഇടിവെട്ടിന്റെയും അകമ്പടിയോടെ എത്തിയ മഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് സൃഷ്ടിച്ചു. രാവിലെ ഏഴുമണിയോടെ നിലച്ച മഴ വൈകുന്നേരത്തോടെ ചെറിയ തോതില്‍ വീണ്ടും തുടങ്ങി. ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വാഹനയാത്രികരും വിനോദ സഞ്ചാരികളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിർദേശിച്ചു.
മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടവരെ രക്ഷിച്ചു
ഷാർജ: ശക്തമായ മഴയെ തുടർന്ന് ഷാർജയിലെ കിഴക്കൻ തീരത്തെ ഖോർഫക്കാൻ വാദിയിൽ കാർ ഒലിച്ചുപോയതായി പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരെ പൊലീസ് രക്ഷപ്പെടുത്തി. പേമാരിയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലാണ് അപകടം വിതച്ചത്. പൊലീസും സുരക്ഷ വിഭാഗങ്ങളും സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് ദുരന്തം വഴിമാറിയത്. രണ്ടുദിവസം പെയ്ത മഴ തിങ്കളാഴ്ച കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മലയോര മേഖലകളിലായിരിക്കും മഴക്ക് ശക്തി കൂടുതലെങ്കിലും തീരമേഖലകളിൽ കാറ്റും കോളും ശക്തമായിരിക്കും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിൽ ഇറങ്ങിയുള്ള ഉല്ലാസങ്ങൾ തൽക്കാലം അവസാനിപ്പിക്കണമെന്നും പൊലീസ് നിർദേശിച്ചു.
ജബല്‍ ജെയ്സിൽ സിപ്ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
റാസല്‍ഖൈമ: റാക് ജബല്‍ ജൈസിലെ സിപ്ലൈനിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കനത്ത മഴയും അസ്ഥിര കാലാവസ്ഥയുമാണ് കാരണം. ലോകത്തെ ഏറ്റവും നീളമേറിയതാണ് റാസല്‍ഖൈമയിലെ സിപ്ലൈന്‍. ധാരാളം വിനോദസഞ്ചാരികൾ ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.