ജിദ്ദ: വ്യാഴാഴ്ച രാവിലെ മുതൽ പെയ്യാനാരംഭിച്ച കനത്ത മഴ ജിദ്ദ നഗരത്തിലും സമീപപ്രദേശങ്ങളിലും വ്യാപക നാശമുണ്ടാക്കി. രണ്ടുമരണം റിപ്പോർട്ട് ചെയ്തു. മഴവെള്ള പാച്ചിലിൽപെട്ടാണ് രണ്ടുപേർ മരിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി അറിയിച്ചു. മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏതു രാജ്യക്കാരാണെന്നും അറിവായിട്ടില്ല. വ്യാഴാഴ്ച രാവിലെ മുതലാണ് മഴ കോരിച്ചൊരിയാൻ തുടങ്ങിയത്.വൈകിയും മഴ തുടരുകയാണ്. പുലർച്ചെ തന്നെ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു.
മണിക്കൂറുകളായി തുടരുന്ന മഴ താഴ്ന്ന പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. മതിൽ തകർന്നുവീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. സുരക്ഷ കണക്കിലെടുത്ത് ചില റോഡുകളും അടിപ്പാതകളും ട്രാഫിക്ക് പൊലീസ് അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. മക്ക-ജിദ്ദ റോഡിൽ ഗതാഗതം മണിക്കൂറോളം നിർത്തിവെച്ചു. ജിദ്ദയിൽനിന്ന് പുറപ്പെടേണ്ട പല വിമാന സർവിസുകളും വൈകി.
റോഡുകളിൽ വെള്ളം കയറിയതിനാൽ രാവിലെ പുറത്തുപോയ നിരവധിപേർ റൂമുകളിൽ തിരിച്ചെത്താനാവാതെ വഴിയിൽ കുടുങ്ങി. ഓഫിസുകളിൽ ഹാജർ നില കുറഞ്ഞു. ചിലയിടങ്ങളിൽ സിഗ്നലുകൾക്കടുത്ത് വെള്ളക്കെട്ടുകളിൽ കുടുങ്ങിയവരെ ഫൈബർ ബോട്ടുകളിലാണ് സിവിൽ ഡിഫൻസ് മറുകരയിലെത്തിച്ചത്. മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നു.
സിവിൽ ഡിഫൻസ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത് അടിയന്തരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ ഗവൺമെൻറ്, സ്വകാര്യ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകി. വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് അവധി നൽകി. ആളുകളോട് ജാഗ്രത പുലർത്താനും ആവശ്യമായ മുൻകരുതലെടുക്കാനുംസിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിരുന്നു.താഴ്വരകൾ മുറിച്ചുകടക്കരുതെന്നും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വെള്ളം കയറാൻ സാധ്യതയുള്ള റോഡുകളിലും സിഗ്നലുകൾക്കടുത്തും ആവശ്യമായ രക്ഷാപ്രവർത്തന സജ്ജീകരണങ്ങളോടൊപ്പം സിവിൽ ഡിഫൻസ് സംഘത്തെ വ്യന്യസിച്ചു.മക്ക ഗവർണറേറ്റിനുകീഴിലെ ദുരന്തനിവാരണ കേന്ദ്രം ആളുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മുനിസിപ്പാലിറ്റിയും ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.
കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്തര നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി പോസ്റ്റുകൾക്കടുത്തുനിന്ന് വിട്ടുനിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് നിർദേശം നൽകിയിരുന്നു.ജിദ്ദക്കു പുറമെ മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലും വ്യാഴാഴ്ച മഴയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.