ദുബൈ: ഉയർന്ന വാടക നിരക്കുമൂലം ദുബൈയിൽനിന്ന് വടക്കൻ എമിറേറ്റുകളിലേക്ക് താമസം മാറുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളെയാണ് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്. വാടക വർധന മാത്രമല്ല, എവിടെയിരുന്നും ജോലി ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ഹൈബ്രിഡ് വർക്ക് അറേഞ്ച്മെന്റുകളും ആളുകളെ വടക്കൻ എമിറേറ്റുകളിലേക്ക് മാറിത്താമസിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ദുബൈയിൽനിന്ന് മാറിത്താമസിക്കുന്നത് വഴി ഏതാണ്ട് 77,000 ദിർഹത്തോളം ലാഭിക്കാനാവുമെന്നാണ് ഈ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്. 2009ലും 2014ലും വലിയതോതിൽ ആളുകൾ വടക്കൻ എമിറേറ്റുകളിലേക്ക് മാറിത്താമസിച്ചിരുന്നു.
കോവിഡിനുശേഷം ദുബൈയിലും ഷാർജയിലും വടക്കൻ എമിറേറ്റുകളിലും വാടക വർധിപ്പിച്ചിരുന്നെങ്കിലും മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് ദുബൈയിൽ വാടകനിരക്ക് ഇരട്ടിയാണ്. ദുബൈയിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് പ്രതിവർഷം 30,000 ദിർഹം മുതൽ 70,000 ദിർഹം വരെയാണ്.
ഒരു ബെഡ് റൂം ഉള്ള ഫ്ലാറ്റുകൾക്ക് 50,000ത്തിനും 1,30,000ത്തിനും ഇടയിലാണ് വാടക. ദുബൈയിൽ ദേര, ഇന്റർനാഷനൽ സിറ്റി, സ്പോർട്സ് സിറ്റി, ജുമൈ വില്ലേജ് മേഖലകളിലാണ് താരതമ്യേന വാടക കുറവുള്ളത്.
പാം ജുമൈറ, ദുബൈ ഇന്റർനാഷനൽ ഫിനാൽഷ്യൽ സെന്റൽ (ഡി.ഐ.എഫ്.സി) ഡൗൺ ടൗൺ മേഖലകളിലാണ് ഉയർന്ന വാടകനിരക്കുള്ളത്. അതേസമയം, ഷാർജയിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് 12,000ത്തിനും 40,000ത്തിനും ഇടയിലാണ് വാടക, ഒരു ബെഡ്റൂം ഉള്ള കെട്ടിടങ്ങൾക്ക് 14,000 ദിർഹം മുതൽ 55,000 ദിർഹംവരെയാണ് നിരക്ക്.
അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ സ്റ്റുഡിയോ, ഒരു വൺബി.എച്ച്.കെ അപ്പാർട്ട്മെന്റുകൾക്ക് 12,000ത്തിനും 34,000ത്തിനും ഇടയിലാണ് വാടകനിരക്ക്. ഇതാണ് കൂടുതൽ പേരെ ഈ എമിറേറ്റുകളിലേക്ക് ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.