ദുബൈ: മഹാമാരിയുടെ കാലത്ത് മക്കളെ സ്കൂളിൽ അയക്കുന്നതിനെ കുറിച്ച് ലോകം മുഴുവൻ തലപുകക്കുന്ന സമയത്ത് ക്ലാസ് മുറികളുടെ കവാടങ്ങൾ കുട്ടികൾക്കായി മലക്കെ തുറന്ന് യു.എ.ഇ.കോവിഡും മധ്യവേനൽ അവധിക്കാലവും നൽകിയ നീണ്ട ഇടവേളക്കുശേഷം യു.എ.ഇയിലെ കുട്ടികൾ ഇന്ന് ക്ലാസ് മുറികളിലെത്തും. ഒരുവശത്ത് ക്ലാസ്മുറികളിൽ കലപിലയൊരുങ്ങുേമ്പാൾ മറുഭാഗത്ത് ഓൺലൈൻ പഠനം തുടരാനാണ് രക്ഷിതാക്കളുടെ തീരുമാനം. ക്ലാസ് മുറികളിൽ ഇതുവരെ കാണാത്ത അനുഭവങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഒച്ചവെച്ചും ഓടിനടന്നും കെട്ടിപ്പിടിച്ചും പേന കൈമാറിയും ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിച്ചും ചെലവഴിച്ച പഴയ ക്ലാസ് മുറിയല്ല അവരെ കാത്തിരിക്കുന്നത്. മാസ്കും സാനിെറ്റെസറും സാമൂഹിക അകലവും ശരീരോഷ്മാവ് പരിശോധനയുമെല്ലാമുള്ള പുതിയ ക്ലാസ് മുറിയിലേക്കാണ് അവരുടെ പ്രവേശനം. കൂടിയിരുന്ന് സംസാരിക്കാൻ അനുവദിക്കില്ല. തൊട്ടടുത്ത് സഹപാഠികൾ ഉണ്ടാവില്ല.
ഒന്നോ രണ്ടോ മീറ്റർ അകലങ്ങളിലായിരിക്കും ഇരിപ്പിടം. സ്റ്റാഫ് മുറികളിൽ അധ്യാപകരുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. സ്കൂൾ ബസിൽ പകുതി ഇരിപ്പിടങ്ങളും ഒഴിഞ്ഞുകിടക്കും. ഇന്ത്യൻ കരിക്കുലം ഉൾപ്പെടെയുള്ള സ്കൂളുകൾക്കിത് രണ്ടാം ടേമാണ്. അറബിക് കരിക്കുലം കുട്ടികൾക്ക് പുതിയ അധ്യയനവർഷവും. മാർച്ചിൽ സ്കൂൾ അടച്ചതോടെ രണ്ടാഴ്ചയോളം ഓൺലൈൻ വഴി പഠനം നടത്തിയിരുന്നു. ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാണ്. വീട്ടിൽ കുട്ടികളെ തനിച്ചാക്കി പോകേണ്ടിവരുന്നു. ഷാർജയിൽ രണ്ടാഴ്ച കൂടി ഓൺലൈൻ പഠനം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം അടിച്ചുപൊളിയുടെ അവധിക്കാലമല്ല കഴിഞ്ഞത്. ഏപ്രിൽ, മേയ് മാസങ്ങളിൽ നാലു ചുവരിനുള്ളിലായിരുന്നു അവരുടെ അവധിക്കാലം. പുറത്തിറങ്ങാൻ കഴിഞ്ഞ ജൂണിൽ ഓൺലൈൻ പഠനം തുടങ്ങുകയും ചെയ്തു. യു.എ.ഇയുടെ അതിജീവനത്തിെൻറ മറ്റൊരു തെളിവാണ് സ്കൂൾ തുറക്കൽ. എങ്കിലും, കുട്ടികളിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ സ്കൂൾ അടച്ചേക്കും. കോവിഡ് വ്യാപനം വീണ്ടും ഉണ്ടായാൽ ഇ-ലേണിങിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ച് ആ
ലോചിക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ വകുപ്പും മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.