ഇമാറാത്തിനെ കാത്തിരിക്കുന്നത് അവധി ദിനങ്ങളാണ്. സ്കൂൾ അടച്ചു. പെരുന്നാൾ വരുന്നു. വാരാന്ത്യ അവധികൾ കൂടി കണക്കിലെടുത്താൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാലമാണ് കാത്തിരിക്കുന്നത്. എല്ലാ പ്രവാസികൾക്കും ഇത്ര നീണ്ട അവധി ലഭിക്കില്ലെങ്കിലും പെരുന്നാൾ ദിവസവും തൊട്ടടുത്ത ദിനങ്ങളിലും ചെറിയ ആഘോഷങ്ങൾ സംഘടിപ്പിക്കാനും വിനോദ സഞ്ചാര മേഖലകൾ സന്ദർശിക്കാനും കഴിയും.
പെരുന്നാൾ പ്രമാണിച്ചുള്ള യാത്ര ഒരനുഭൂതിയാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സൂക്ഷ്മതയോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിലക്കില്ല. യാത്രാവിലക്കുള്ളതിനാൽ കൃത്യസമയത്ത് മടങ്ങിയെത്താൻ കഴിയുമെന്നുറപ്പില്ലാത്ത പ്രവാസികളിൽ ഭൂരിപക്ഷവും അവധിക്കാലത്തും ഇവിടെ തങ്ങുകയാണ്. പെരുന്നാൾ അവധിക്കാലത്ത് ഏഴ് എമിറേറ്റിലും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഉല്ലാസ കേന്ദ്രങ്ങളെക്കുറിച്ചറിയാം:
ആസ്വദിക്കാൻ മാത്രമല്ല, പെരുന്നാൾ ആഘോഷം നേരിൽ കാണാനുള്ള അവസരം കൂടി ഒരുക്കുന്നുണ്ട് യാസ് ഐലൻഡ്. 20 മുതൽ 22 വരെ രാത്രി ഒമ്പതിന് വർണാഭമായ കരിമരുന്നു പ്രയോഗം യാസ് ബേയിൽ നടക്കും. യു.എ.ഇയിലെ സൂപ്പർസ്റ്റാറുകൾ അണി നിരക്കുന്ന രണ്ട് ദിവസത്തെ ലൈവ് സംഗീത നിശയും 22, 23 തിയതികളിൽ യാസ് ദ്വീപിലാണ് നടക്കുക. വൈകീട്ട് ആറു മുതൽ രാത്രി പത്തുവരെയാണ് പരിപാടി. സൂപ്പർതാരങ്ങളായ ഹുസൈൻ അൽ ജാസ്മി, അസ്സല നസ്രി, താമിർ ഹുസ്നി, മറിയം ഫാരിസ് എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടി അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിനു കീഴിലാണ്.
16 വയസും അതിൽ കൂടുതലുമുള്ളവർ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ പരിശോധന ഫലം കാണിക്കണം. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിരിക്കണം. 12 നും 16 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ, 48 മണിക്കൂർ സാധുതയുള്ള പി.സി.ആർ ഫലം കാണിക്കണം. 12 വയസിൽ താഴെയുള്ള കുട്ടികൾകൾക്ക് സംഗീതനിശയിൽ പ്രവേശനമില്ല.
ആഘോഷ ഒഴിവ് ദിനങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ ചൂട്കാലത്തും തെരഞ്ഞെടുക്കാവുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജബല്‍ ജെയ്സ്. സമുദ്രനിരപ്പില്‍ നിന്ന് 1737 മീറ്റര്‍ ഉയരത്തിലേക്കുള്ള ജെയ്സ് മലനിരയില്‍ കടുത്ത ചൂടുണ്ടാകില്ലെന്നത് ശ്രദ്ധേയം. ഹെയര്‍ പിന് വളവുകളിലൂടെയുള്ള ഡ്രൈവിങും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ പര്‍വ്വത നിരയില്‍ സമയം ചെലവഴിക്കാന്‍ കഴിയുമെന്നതും ജബല്‍ ജെയ്സിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കും.
പരിസ്ഥിതി ലോല മേഖലയായ പര്‍വ്വത നിരയില്‍ കടലാസ് തുടങ്ങി യാതൊരു വിധ മാലിന്യങ്ങളും അബദ്ധത്തില്‍ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധം. വാഹനങ്ങളിലും വിനോദ സ്ഥലങ്ങളിലും സാമൂഹിക അകലം എന്ന കോവിഡ് മാനദണ്ഡം പാലിക്കുന്നതിലും വീഴ്ച്ച അരുത്. മുഴുസമയ നിരീക്ഷണ സംവിധാനമുള്ള ജബല്‍ ജെയ്സില്‍ ആഘോഷ അവധി ദിനങ്ങളില്‍ പ്രത്യേക പട്രോളിങ് സേവന വിഭാഗവും സജ്ജമായിരിക്കും.
ഒറ്റപ്പോക്കിന് ഒരു പാട് സ്ഥലങ്ങൾ കാണാൻ വാദി ഷീസിലേക്ക് പോയാൽ മതി. ഖോർഫക്കാൻ തുരങ്ക പാത ആരംഭിക്കുന്ന എമിറേറ്റ്സ് റോഡിൽ നിന്ന് ഷാർജ മസ്ജിദ് കണ്ട് യാത്ര ആരംഭിക്കാം. ഷാർജയിലെ ഏറ്റവും വലിയ പള്ളിയാണിത്. മാനദണ്ഡങ്ങൾ പാലിച്ച് ആർക്കും പ്രവേശിക്കാം.
പോകുന്ന വഴിയിൽ നിന്നെല്ലാം കാർഷിക ക്ഷീരമേഖലകളും കരിമ്പാറകൾ കാവൽ നിൽക്കുന്ന കൂറ്റൻ മലകളും കാഴ്ച്ചയിൽ നിറയും. വാദി ഷീസ്, അൽ റഫീസ അണക്കെട്ട്, പുരാതന മലയോര ഗ്രാമമായ നജ്ദ് അൽ മിഖ്സാർ, ആംഫി തിയറ്റർ, ഖോർഫക്കാൻ മൊത്തം കാണാൻ സാധിക്കുന്ന അൽ സഹബ്, ഖോർഫക്കാൻ ബീച്ച്, തുറമുഖം, പോർച്ചുഗീസ് കോട്ട തുടങ്ങി നിരവധി സന്തോഷങ്ങളാണ് പെരുന്നാൾ യാത്രക്കാരെ കാത്ത് ഖോർഫക്കാനിലിരിക്കുന്നത്.
മാൻഗ്രോവ് ബീച്ച് (ഉമ്മുല്‍ഖുവൈന്‍)
കാര്ഷികപ്പച്ചക്ക് പേര് കേട്ട ഉമ്മുല്‍ഖുവൈനില്‍ സഞ്ചാരികളെ മാടി വിളിക്കുകയാണ് മാന്‍ഗ്രോവ്' ബീച്ച്. കണ്ടല്കാടിെൻറ സമൃദ്ധിയില്‍ ഉല്ലാസ യാത്ര ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ തുരുത്തിെൻറ കാഴ്ചകള്‍. ജലാശയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഈ ഭൂ പ്രദേശം മലയാളത്തനിമയോട് ഏറെ സാദൃശ്യം തോന്നുന്നതാണ്. പരന്ന് കിടക്കുന്ന കണ്ടല്‍ കാടുകളെ പ്രകൃതിയോട് ചേര്‍ത്ത് വെച്ചത് കാണാന്‍ അതി മനോഹരം.
കണ്ടലുകള്‍ക്കിടയിലൂടെ ഹരിത ഭംഗി ആസ്വദിച്ച് ചെറു തോണി സവാരി ഏറെ ഹൃദ്യമാണ്. അപൂര്‍വ്വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. ഫ്ലെമിംഗോകളെ ചെറിയ കൂട്ടങ്ങളായി ഇവിടെ കണ്ട് വരാറുണ്ട്. ഉമ്മുല്ഖുവൈനിെൻറ വടക്ക് പടിഞ്ഞാറ് ഭാഗത്തായി കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ഒരുക്കിയ ഈ ഉല്ലാസ കേന്ദ്രത്തിലെ ഉദയാസ്തമയ കാഴ്ചകള്‍ നയനാന്ദം ചൊരിയും. കണ്ടലുകള്‍ക്കിടയിലൂടെ ജലസഞ്ചാരം നടത്താൻ ചെറു തോണികള്‍ ഇവിടെ ലഭ്യം. ബാര്‍ബിക്യുവിനുള്ള സൗകര്യവും കണ്ടല്പാര്ക്കില് ലഭ്യമാണ്. ഇത്തിഹാദ് പാലത്തില്‍ നിന്നും റാസല്‍ഖൈമ ദിശയിലേക്ക് പോകുന്ന വഴി നാല് കിലോമീറ്റര്‍ ദൂരം പിന്നിട്ടാല്‍ ഷെയ്ഖ് ഖലീഫ ആശുപത്രി ചത്വരത്തിെൻറ ഇടത് വശത്ത് അഗ്നി ശമന വിഭാഗത്തിെൻറ ഓഫീസ് സമുച്ചയം കാണാം. ഇവിടെ നിന്ന് നീഫ റോഡ് വഴി രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കിട്ടുന്ന കട്ട റോഡില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഉള്‍വശത്താണ് 'കണ്ടല്‍ ബീച്ച്'. ടിക്കറ്റ് നിരക്ക് 20 ദിർഹം. പാരച്യൂട്ട് സഫാരി, ഓഫ് റോഡ് ഡ്രൈവിങ് തുടങ്ങിയവയും ഈ ബീച്ചിലെ പ്രത്യേകതയാണ്.
അജ്മാന് ഉമ്മുല്‍ ഖുവൈന്‍ റോഡില്‍ ഷാര്‍ജയുടെ ഭാഗമായ ഹമരിയ പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന നയനമനോഹരമായ പ്രദേശമാണ് അല്‍ സോറ. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദത്തിന് നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
കുട്ടികള്‍ക്ക് പാര്‍ക്ക്, മൃഗശാല, ജലാശയത്തിലൂടെ ബോട്ടിങ് സൗകര്യം, വിശാല വിസ്തൃതമായ കണ്ടല്‍കാടുകള്‍, പക്ഷി സങ്കേതം, കയാക്കിങ്, രുചിയേറും വിഭവങ്ങള്‍ ഒരുക്കുന്ന ഭക്ഷണ ശാലകള്‍, ചൂണ്ടയിടാന്‍ സൗകര്യപ്രദമായ കായലോരം, വ്യായാമ നടത്തക്കാര്‍ക്ക് ട്രാക്കുകള്‍ എന്നിവ അൽസോറയുടെ പ്രത്യേകതയാണ്. കുടുംബവുമായെത്തിയാൽ സ്വസ്ഥവും സമാധാനവുമായി പ്രകൃതി ഭംഗി ആസ്വദിച്ച് മടങ്ങാം. പ്രവേശനം സൗജന്യം. എന്നാൽ, ബോട്ടിങ്, കയാക്കിങ് തുടങ്ങിയവക്ക് പണം നൽകണം.
യു.എ.ഇയിലും ഒമാനിലും സന്ദർശക വിസയിൽ എത്തുന്നവർ പോലും കേട്ട് പരിചയിച്ച പേരാണ് ഹത്ത. ഇരു രാജ്യങ്ങളുടെയും അതിർത്തി പങ്കിടുന്ന സ്ഥലം. ഹജ്ർ മലനിരകളും നീല ജലാശയവും അണക്കെട്ടും കോട്ടയും പൈതൃക ഗ്രാമവുമെല്ലാം ഒരു ചുറ്റളവിൽ അണിനിരക്കുന്ന മരുഭൂമി. റൈഡേഴ്സിനും ഹൈക്കേഴ്സിനും സാധാരണക്കാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന പ്രകൃതി രമണീയമായ പ്രദേശം.
യു.എ.ഇയുടെ ചരിത്രവും വർത്തമാനവുമെല്ലാം ഒരുപോലെ വിളിച്ച് പറയുന്നുണ്ട് ഹത്ത. എല്ലാ എമിറേറ്റിലുകളിൽ നിന്നും എത്തിപ്പെടാൻ പറ്റിയ സ്ഥലമാണിത്. ബോട്ടിങും കയാക്കിങ്ങും റെയ്ഡിങും ഹൈക്കിങുമെല്ലാം ഇവിടെ നടക്കും. സ്വന്തം വാഹനമില്ലെങ്കിലും പ്രശ്നമില്ല, ദുബൈ ഊദ് മേത്ത മെട്രോ സ്റ്റേഷനിൽ നിന്ന് 16ാം നമ്പർ ബസ് ഹത്തയിലേക്കാണ്. മൂന്ന് മണിക്കൂർ സമയമെടുക്കുെമന്ന് മാത്രം. ഇവിടെ എത്തിയാൽ അണക്കെട്ടിന് സമീപത്തുകൂടി പോകുന്ന ബസുകൾ ലഭിക്കും. സ്വന്തം വാഹനത്തിൽ വരുന്നവർ ഷാർജ- മലീഹ റോഡ് ഉപയോഗിക്കണം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉല്ലസിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന സ്ഥലമാണ് ഫുജൈറ അഡ്വഞ്ചര്‍ പാര്‍ക്ക്. നിരവധി വിനോധസഞ്ചാരികളാണ് അവധി ദിനങ്ങളിൽ ഇവിടെ എത്തുന്നത്. സ്കേറ്റ് ട്രാക്ക്, മൗണ്ടെയ്ൻ ബൈക്കിങ് ട്രാക്ക്, മൗണ്ടെയ്ൻ ക്ലൈംബിങ് തുടങ്ങി നിരവധി ആക്ടിവിറ്റീസിനുള്ള സൗകര്യം പാർക്കിലുണ്ട്. ഇവിടെയുള്ള അസ്ഫാള്‍ട്ട് സ്കേറ്റ് ട്രാക്ക് മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെതാണ്.
ബൈകിങ്ങിനുള്ള ബൈക്ക് ഇവിടെ വാടകക്ക് ലഭിക്കും. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രൊഫഷനല്‍ തുടങ്ങിയവര്‍ക്കുള്ള വിത്യസ്ത ബൈക്കുകള്‍ ഇവിടെ ലഭ്യമാണ്. അഞ്ച് ദിർഹമാണ് പ്രവേശന ഫീസ്. കാറുകള്‍ക്ക് 10 ദിര്‍ഹം നൽകണം. വേനൽ ആയതിനാല്‍ വൈകുന്നേരം നാലു മുതല്‍ പത്തു വരെയാണ് പ്രവര്‍ത്തന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സിനിമാ പ്രദര്‍ശനവും ഉണ്ട്. ഫുജൈറ സിറ്റി സെൻററിനു പിന്‍വശത്തായി ടെന്നീസ് ക്ലബിന് സമീപമാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 052-2704271 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.