ദുബൈ: കുറഞ്ഞ വരുമാനക്കാരായ 426സ്വദേശികളുടെ ഭവന വായ്പ എഴുതള്ളാൻ ദുബൈ സർക്കാർ തീരുമാനിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാന് നടപടി സ്വീകരിച്ചത്. 14.6കോടി ദിർഹം വായ്പയാണ് പദ്ധതിയുടെ ഭാഗമായി എഴുതിത്തള്ളുന്നത്.
എമിറേറ്റ്സ് ഹയർ കമ്മിറ്റി ഫോർ ഡവലപ്മെന്റ് ആന്‍റ് സിറ്റിസൺ അഫേഴ്സ് വകുപ്പിനാണ് തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം നൽകിയിട്ടുള്ളത്. ദുബൈയിലെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ആവശ്യമായ സംരംഭങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന് നടപടി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. പൗരന്മാർക്ക് നേരത്തെയും ഭവന നിർമാണത്തിനും മറ്റുമായി സർക്കാർ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച തന്നെ നഗരത്തിൽ ചെലവുകുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഡിസൈൻ മത്സരം ശൈഖ് ഹംദാൻ പ്രഖ്യാപിച്ചിരുന്നു. കുടുംബങ്ങൾക്ക് 10ലക്ഷം ദിർഹമിന് നിർമിക്കാൻ കഴിയുന്ന സ്‌മാർട്ട് ഹോമുകളുടെ ഡിസൈനുകൾ സമർപ്പിക്കാനാണ് ആർക്കിടെക്റ്റുകളെയും ഡിസൈനർമാരെയും ക്ഷണിച്ചത്. നഗരത്തിൽ ജനസംഖ്യ വർധിക്കുകയും പ്രോപ്പർട്ടി ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഭാവിയിലെ വീട്’ എന്ന പേരിൽ മത്സരം നടത്തുന്നത്. അബൂദബിയിലെ പൗരൻമാർക്ക് 274കോടിയുടെ ഭവന സഹായ പദ്ധതി തിങ്കളാഴ്ച കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. 1800 പൗരന്മാർക്കാണ് ഇതുവഴി സഹായം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.