ദുബൈ: യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി)യുടെ എമിറേറ്റ്സ് അക്കാദമി ഫോര്‍ സയന്‍സ് ആന്‍ഡ് ട്രെയിനിങ്ങിന്റെ പുതിയ ശാഖ ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ആസ്ഥാനത്ത് ആരംഭിച്ചു. ജി.ഡി.ആർ.എഫ്.എ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ സാന്നിധ്യത്തിൽ ഐ.സി.പി മേധാവി മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി ഉദ്ഘാടനം നിർവഹിച്ചു.
സുരക്ഷ, ഐഡന്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷ, മാനുഷിക, ഭരണ, സാമ്പത്തിക മാനേജ്മെന്റ് എന്നീ മേഖലകളില്‍ വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ബോര്‍ഡിന്റെ പദ്ധതിയുടെ ഭാഗമായാണ് അക്കാദമി തുറന്നത്. വകുപ്പിലെ ജീവനക്കാര്‍ക്കും പങ്കാളികൾക്കും യോഗ്യതയും പരിശീലനവും നല്‍കുകയും അവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അവസരവും അക്കാദമി വഴി നൽകും.
അക്കാദമിയില്‍ വിവിധ തലങ്ങളില്‍ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്തും. ഇതിനുപുറമെ, കുറഞ്ഞ കാലയളവിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും സംഘടിപ്പിക്കും.
ചടങ്ങില്‍ അധ്യാപകരെ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജി.ഡി.ആർ.എഫ്.എ ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻസ് ഡയറക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ, മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷങ്കീതി, മേജർ ജനറൽ ഡോ. അലി അൽ സാബി, ബ്രിഗേഡിയർ ഖലഫ് അൽ ഗൈത്ത്, ഐ.സി.പിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാർ, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരടക്കം നിരവധിയാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.