അബൂദബി: ഐ.ഐ.ടി-ഡൽഹി അബൂദബി ഓഫ് കാമ്പസിന്റെ ഉദ്ഘാടന ബാച്ചിൽ 25 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഐ.ഐ.ടി ഡൽഹിയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കാമ്പസാണ് അബൂദബിയിലേത്. ഇമാറാത്തികൾക്കും രാജ്യത്തിനു പുറത്തുള്ള വിദ്യാർഥികൾക്കും കോഴ്സുകളിലേക്ക് എൻറോൾ ചെയ്യാം. കോഴ്സിന് തൽപരരായ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി സീറ്റുകളുടെ എണ്ണവും വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് അബൂദബി ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹമ്മദ് സുൽത്താൻ അൽ ശുഹൈബി പറഞ്ഞു.
2024 ജനുവരിയിൽ പ്രവർത്തനം തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന കാമ്പസിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റി (ഇ.ടി.എസ്) വിഷയത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവേശനം ന്യായവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താൻ വിട്ടുവീഴ്ചയില്ലാത്ത പ്രവേശന നടപടികളാണ് നടപ്പാക്കുന്നത്. യോഗ്യത, ഭാഷ പ്രാവീണ്യം, അക്കാദമിക തലത്തിലെ പ്രകടനം എന്നിവ വിലയിരുത്തിയാവും പ്രവേശനം. എൻജിനീയറിങ് അല്ലെങ്കിൽ ഫിസിക്കൽ സയൻസ്, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, എർത്ത് സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നാലു വർഷ ബിരുദമാണ് യോഗ്യത. രണ്ടു വർഷ മാസ്റ്റർ പ്രോഗ്രാം പൂർത്തിയാക്കിയ മൂന്നു വർഷ ബിരുദമുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.
ബിരുദതലത്തിൽ 75 ശതമാനത്തിന് മുകളിൽ മാർക്കോ അല്ലെങ്കിൽ 7.5, 3.0/4.0 സി.ജി.പി.എ ആണ് കട്ട്ഓഫ്. ഒരു വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർ ഗേറ്റ് പരീക്ഷയിൽ 350 സ്കോർ നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് അബൂദബി ഓഫ് കാമ്പസ് വെബ്സൈറ്റ് https://abudhabi.iitd.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.