അബൂദബിയില്‍ 5-11 പ്രായക്കാര്‍ക്ക് ഫൈസർ വാക്‌സിന്‍ കൊടുത്തു തുടങ്ങി

അബൂദബി: അഞ്ചുമുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്‌സിന്‍ അബൂദബിയില്‍ കൊടുത്തുതുടങ്ങി. ആരോഗ്യവിഭാഗം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചതെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. അബൂദബി ഹെല്‍ത്ത്​ സര്‍വിസസ് കമ്പനിയുടെയും മുബാദല ഹെല്‍ത്തിന്റെയും ആരോഗ്യകേന്ദ്രങ്ങള്‍ മുഖേനയാവും വാക്‌സിന്‍ നല്‍കുക. കോവിഡ് വ്യാപനത്തെ തടയുന്നതിനായി 12 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് കഴിഞ്ഞവര്‍ഷം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. അടുത്തിടെയാണ് അഞ്ചുവയസ്സുമുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത്.

കോവിഡ് വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ എടുത്ത കുട്ടികളില്‍ കോവിഡ് ബാധിക്കപ്പെട്ടാല്‍ വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും അതിനാല്‍ ഏവരും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തയാറാവണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. ഫെബ്രുവരി രണ്ടുമുതലാണ് അഞ്ചുവയസ്സു മുതലുള്ള കുട്ടികള്‍ക്ക് അബൂദബിയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. അതേസമയം, മുതിര്‍ന്നവര്‍ക്കായി ഫൈസര്‍ ബയോണ്‍ടെക് അല്ലെങ്കില്‍ സിനോഫാമിന്റെ നാലാമത് ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഫൈസര്‍ ബയോണ്‍ടെക് അല്ലെങ്കില്‍ സിനോഫാമിന്റെ നാലാമത് ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറായിക്കൊള്ളാന്‍ അബൂദബി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വാക്‌സിനേഷന്‍ സ്വീകരിച്ചതും പ്രായവും അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ബൂസ്റ്റര്‍ ഡോസിനുള്ള അര്‍ഹത നിര്‍ണയിക്കുക.

സിനോഫാമിന്റെ രണ്ടോ അല്ലെങ്കില്‍ മൂന്നോ ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹത. അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ക്ക് സിനോഫാമിന്റെയോ ഫൈസറിന്റെയോ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. സിനോഫാമിന്റെ രണ്ട് ഡോസുകളും ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ക്ക് നാലാമത് ഡോസ് സ്വീകരിക്കാം. ഫൈസറിന്റെ രണ്ടോ അല്ലെങ്കില്‍ മൂന്നോ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഗുരുതര രോഗമുള്ളവര്‍ക്ക് മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നുമാസത്തിനു ശേഷം നാലാം ഡോസ് സ്വീകരിക്കാവുന്നതാണ്. നിര്‍ദിഷ്ട കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്.

Tags:    
News Summary - In Abu Dhabi, Pfizer started giving the vaccine to 5-11 year olds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.