ദുബൈ: അരനൂറ്റാണ്ടിനിടയിൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) വൈദ്യുതിശേഷി മുന്നൂറിരട്ടി വർധിച്ചു. 1970ൽ 43 മെഗാവാട്ട് മാത്രമായിരുന്ന ഊർജലഭ്യത 2021ലെത്തിയപ്പോൾ 13417 മെഗാവാട്ടായി ഉയർന്നതായാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
സമാനമായി ജല ഉൽപാദനശേഷി പൂജ്യത്തിൽനിന്ന് പ്രതിദിനം ദശലക്ഷം ഗാലനായി വർധിച്ചിട്ടുമുണ്ട്. 1970ൽ പൂർണമായും ഭൂഗർഭ ജലസ്രോതസ്സുകളെ അടിസ്ഥാനമാക്കിയായിരുന്നു ദുബൈ നിലനിന്നിരുന്നത്. ഉപ്പുവെള്ളത്തിൽനിന്ന് ജലം ശുദ്ധീകരിച്ചെടുക്കുന്ന സംവിധാനങ്ങൾ പിന്നീടാണ് എമിറേറ്റിൽ രൂപപ്പെടുത്തിയത്.
കമ്പനിയുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതിയെ പരിഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചുവന്നതെന്നും അതിനാലാണ് ശുദ്ധവും പുനരുപയോഗപ്രദവുമായ ഊർജ ഉപയോഗം വർധിപ്പിക്കാനായതെന്നും ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അൽ തയാർ പറഞ്ഞു. വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി ഭൂഗർഭജലം സംരക്ഷിക്കാൻ നിലപാട് സ്വീകരിച്ച കമ്പനിയുടെ സവിശേഷതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുനരുപയോഗ ഊർജത്തിനുള്ള പ്രധാന കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിൽ നിന്ന് ലഭിക്കുന്ന 1527 മെഗാവാട്ട് വൈദ്യുതി ഉൾപ്പെടെ ദീവയുടെ നിലവിലെ ആകെ ഉൽപാദനശേഷി 13,417 മെഗാവാട്ടാണ്. ഒറ്റസ്ഥലത്ത് സജ്ജീകരിച്ച ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കാണ് ഇത്. 2030ഓടെ 5000 മെഗാവാട്ട് ഊർജം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന ലക്ഷ്യമാണിതിനുള്ളത്.വൈദ്യുതിയും വെള്ളവും ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഏറ്റവും നവീനമായ നാലാം വ്യവസായിക വിപ്ലവ സാങ്കേതികവിദ്യകളാണ് ദുബൈ ഉപയോഗപ്പെടുത്തുന്നത്.
ദുബൈയിൽ താമസക്കാരായ 35 ലക്ഷം ജനങ്ങൾക്കും ലക്ഷക്കണക്കിന് വരുന്ന സന്ദർശകർക്കും ജലവും വൈദ്യുതിയും ലഭ്യമാക്കുന്നത് ദീവയാണ്. 2021 അവസാനത്തോടെ ദീവ ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ എണ്ണം 10.6 ലക്ഷം ആയിട്ടുണ്ട്. 2016ൽ അവസാനത്തിൽ ഇത് 752,505 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.