ദുബൈ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും.പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമിച്ചത്. മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ചെമ്പിൽ വാർത്തെടുത്തതാണ് ഈ താഴികക്കുടങ്ങൾ.
അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവമാണ്. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികക്കുടങ്ങൾ നിർമിച്ചത്. മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക്പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ കൊത്തിയിട്ടുണ്ട്. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരെയും കാണാം.
കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജങ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തൽ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രധാന നടയിൽ ഇങ്ങനെയൊരു മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിഘ്നേഷ് വിജയകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.