ദുബൈ: നവംബറിൽ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് പിന്തുണ വാഗ്ദാനം ചെയ്ത് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ആഗോള കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബിറിന്റെ സമീപനം ഉച്ചകോടിയിലും അതിനുശേഷവും മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ പ്രധാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന ആഗോള താപനിലയായ 1.5 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകാതെ നിയന്ത്രിക്കുകയെന്നത് കോപ് 21 ഉച്ചകോടിയുടെ ഭാഗമായുള്ള പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ഈ ലക്ഷ്യത്തിൽനിന്ന് നിലവിൽ ലോക രാജ്യങ്ങൾ വ്യതിചലിച്ചുവെന്നത് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അബൂദബി ദേശീയ ഓയിൽ കമ്പനി തലവനും യു.എ.ഇയുടെ വ്യവസായ, അതിനൂതന സാങ്കേതിക വിദ്യ വകുപ്പ് മന്ത്രിയുമായ ഡോ. അൽ ജാബിർ കാലാവസ്ഥ ഉച്ചകോടിയിൽ സുപ്രധാന പദവി വഹിക്കുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ആശങ്കയും അദ്ദേഹം തള്ളി. ചില സമയങ്ങളിൽ ഫോസിൽ ഇന്ധനം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായിരിക്കും ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക. മറ്റു ചിലപ്പോൾ അതല്ലാത്ത രാജ്യങ്ങളും ആതിഥേയരാകാറുണ്ട്. ഇത്തവണ ഉച്ചകോടിക്ക് യു.എ.ഇ ആതിഥേയത്വം വഹിക്കുന്നതിൽ ഒരു വിരോധാഭാസവും തനിക്ക് തോന്നുന്നില്ലെന്നും ‘ദി നാഷനൽ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ സഞ്ജയ് സുധീർ കൂട്ടിച്ചേർത്തു.
യു.എസ്. കോൺഗ്രസിലേയും യൂറോപ്യൻ പാർലമെന്റിലെയും അംഗങ്ങൾ ഒപ്പുവെച്ച കത്തിൽ ഫോസിൽ ഇന്ധനക്കയറ്റുമതി രാജ്യങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ സ്വാധീനം ചെലുത്തുന്നതിനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈയിലെ എക്സ്പോ സിറ്റിയിലാണ് കാലാവസ്ഥ ഉച്ചകോടി നടക്കുക. 190 രാജ്യങ്ങളിൽനിന്നുള്ള ലോക നേതാക്കളും മുതിർന്ന കാലാവസ്ഥ വ്യതിയാന ഉപദേശകരും ഉച്ചകോടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.