ദുബൈ: ഇന്ത്യ, യു.എ.ഇ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വിവിധ മേഖലകളിൽ ത്രികക്ഷി സഹകരണ സംവിധാനം പ്രഖ്യാപിച്ചു. ഊർജം മുതൽ പരിസ്ഥിതി സംരക്ഷണം വരെ മേഖലകളിൽ പരസ്പരം സഹകരിക്കാനും പദ്ധതികൾ നടപ്പാക്കാനുമാണ് തീരുമാനം. സംയുക്ത പ്രസ്താവനയിലാണ് മൂന്നു രാജ്യങ്ങളും പുതിയ സഹകരണ സംരംഭം പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണ എന്നിവർ നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ മൂന്നു രാജ്യങ്ങളിലെയും വികസന ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കും. പദ്ധതികൾ നടപ്പാക്കും. സംയുക്തമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടി, യു.എ.ഇയിൽ നടക്കുന്ന കോപ് 28 ഉച്ചകോടി എന്നിവയുടെ ആശയങ്ങൾ ഉൾക്കൊണ്ടായിരിക്കും പരിപാടികൾ. ആരോഗ്യം, സാങ്കേതിക മേഖല, പ്രതിരോധം എന്നീ മേഖലകളിലും മൂന്നു രാജ്യങ്ങളും പരസ്പരം സഹകരിക്കും.
സാങ്കേതികവിവരങ്ങൾ പങ്കുവെക്കുന്നതിനുപുറമെ ബംഗളൂരുവിൽ നടക്കുന്ന ടെക് സമ്മിറ്റ്, ദുബൈയിൽ നടക്കുന്ന ജൈടെക്സ്, പാരിസിൽ നടക്കുന്ന വിവ ടെക് എന്നിവയിലും ത്രികക്ഷി സഹകരണം പ്രതിഫലിക്കും. കഴിഞ്ഞമാസം ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ മൂന്നു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് തന്നെ പ്രാഥമിക ചർച്ചകളും പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.