മനാമ: ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർത്തി ബഹ്റൈനിലെ പ്രവാസിസമൂഹം ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അധിനിവേശ ശക്തികളിൽനിന്ന് സഹന സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ വജ്രജൂബിലിയെ അത്യാവേശത്തോടെയാണ് പ്രവാസിസമൂഹം വരവേറ്റത്. ഇന്ത്യൻ എംബസിയുടെയും വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ദേശീയ പതാക ഉയർത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അംബാസഡർ പതാക ഉയർത്തൽ ചടങ്ങിനെത്തിയത്. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകമെങ്ങുമുള്ള ജനാധിപത്യ സ്നേഹികൾക്ക് ആഹ്ലാദിക്കാനുള്ള മുഹൂർത്തമാണ് ഇതെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച നാളുകളിൽ ഇന്ത്യയിലെ ജനാധിപത്യ സർക്കാറിന്റെ വിജയത്തെക്കുറിച്ച് ലോകനേതാക്കൾ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജനാധിപത്യം ഇന്ത്യയിൽ വേരുറപ്പിക്കുക മാത്രമല്ല, വളർന്ന് പന്തലിക്കുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരും ഇന്ത്യൻ സമൂഹത്തിലെ മറ്റ് നിരവധിപേരും ചടങ്ങുകളിൽ പങ്കെടുത്തു.
മൂവർണക്കൊടിയേന്തി ആവേശത്തോടെ...
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെന്റ വജ്രജൂബിലി ആഘോഷത്തിൽ ബഹ്റൈനിലെ പ്രവാസി സംഘടനകളും കൂട്ടായ്മകളും ആവേശത്തോടെയാണ് പങ്കുചേർന്നത്. ദേശീയ പതാക ഉയർത്തിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും മധുരം പങ്കുവെച്ചും സ്വാതന്ത്ര്യദിനത്തിെന്റ ആവേശം ഹൃദയങ്ങളിൽ ഏറ്റുവാങ്ങുകയായിരുന്നു പ്രവാസികൾ. അകലെയായിരിക്കുമ്പോഴും പിറന്ന നാടിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ.
ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചറൽ ഫോറം
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചറൽ ഫോറം സ്വാതന്ത്ര്യത്തിെന്റ 75ാം വാർഷികം ആഘോഷിച്ചു. ചെയർമാൻ സോവിച്ചൻ ചെന്നാട്ടുശ്ശേരി പതാക ഉയർത്തി. പ്രസിഡന്റ് അലക്സ് ബേബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ അജിത്ത്, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി, ബിജു എന്നിവർ സംസാരിച്ചു. ചാൾസ് സ്വാഗതവും വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.
ബഹ്റൈൻ കേരളീയ സമാജം
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെന്റ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ദേശീയ പതാക ഉയര്ത്തി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം സീനിയർ അംഗങ്ങളായ എം.പി രഘു, എൻ.കെ. മാത്യു, ചിക്കൂസ് ശിവൻ, മനോഹരൻ പാവറട്ടി, ടോണി പെരുമാനൂർ, ശ്രീനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബഹ്റൈൻ പ്രതിഭ
മനാമ: ബഹ്റൈൻ പ്രതിഭ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അൽസഫീർ ലിഫ്റ്റ് കമ്പനി അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ആശംസയർപ്പിച്ചു. സെക്രട്ടറി പ്രതീപ് പത്തേരി സ്വാഗതവും ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദിയും പറഞ്ഞു. കമ്പനി മാനേജർ മനു ജോസ്, സൂപ്പർവൈസർ പി.എസ്. സബിൻ എന്നിവർ നേതൃത്വം നൽകി. ജീവനക്കാർക്ക് മധുരവിതരണവും നടത്തി.
ഐ.സി.എഫ്. മദ്റസ
മനാമ: ഐ.സി.എഫ് സെൻട്രൽ കമ്മിറ്റികൾക്ക് കീഴിലെ മജ്മഉ ത അലീമിൽ ഖുർആൻ മദ്റസകളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാബാദ് മദ്റസയിൽ നടന്ന പരിപാടി സദർ മുഅല്ലിം വരവൂർ അബ്ദുറഹീം സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സന്ദേശം നൽകി. ഹംസ ഖാലിദ് സഖാഫി, മുനീർ സഖാഫി, ഷഫീഖ് മുസ്ലിയാർ, അബ്ദുല്ല രണ്ടത്താണി, ഷാജഹാൻ കൂരിക്കുഴി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാ മത്സരങ്ങളും നടന്നു.
മുഹറഖ് മദ്റസയിൽ നടന്ന ആഘോഷ പരിപാടികൾ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഗുദൈബിയ, ഈസ ടൗൺ എന്നീ കേന്ദ്രങ്ങളിൽ യഥാക്രമം മമ്മൂട്ടി മുസ്ലിയാർ വയനാട്, ഉസ്മാൻ സഖാഫി കണ്ണൂർ എന്നിവർ നേതൃത്വം നൽകി. മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്റസയിൽ ഷാനവാസ് മദനി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിഫ, ബുദൈയ്യ, ഉമ്മുൽ ഹസം എന്നീ കേന്ദ്രങ്ങളിൽ റഫീഖ് ലത്വീഫി വരവൂർ, യൂസുഫ് അഹ്സനി കൊളത്തൂർ, നസീഫ് ഹസനി എന്നിവർ നേതൃത്വം നൽകി.
മാർത്തോമ യുവജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഫാ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ അജയ കൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. സ്വാതന്ത്ര്യ സമരചരിത്രം ആസ്പദമാക്കിയുള്ള സെമിനാറിന് അദ്ദേഹം നേതൃത്വം നൽകി. തുടർന്ന്, ഭാരത സംസ്കാരവും സ്വാതന്ത്ര്യ സമരചരിത്രവും ആസ്പദമാക്കിയുള്ള ഡോക്യുമെൻററി അവതരിപ്പിച്ചു. സഖ്യം സെക്രട്ടറി ഷിനോജ് ജോൺ തോമസ്, ജോ. സെക്രട്ടറി എബി വർഗീസ്, ലേഡി സെക്രട്ടറി ജൂബി ജസ്റ്റിൻ എന്നിവർ പങ്കെടുത്തു. അക്ഷരജ്യോതി മലയാള പഠനകളരി ക്ലാസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നൂറോളം കുട്ടികളും സഖ്യാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.