ദുബൈ: ഇന്ത്യയുടെ പാരമ്പര്യ ചികിത്സ രീതികളായ ആയുർവേദ, യോഗ, നാചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും പ്രദർശനവും ദുബൈയിൽ നടക്കും.
അടുത്ത വർഷം ജനുവരി 13 മുതൽ 15 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് പരിപാടി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റും സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന മഹാമേളക്കാണ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുക. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസിന്റെ പ്രഖ്യാപനം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും. 25ഓളം വിദേശരാജ്യങ്ങളിലെ ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കും.
കോൺഫറൻസിനോടനുബന്ധിച്ച് ഒരുക്കുന്ന എക്സിബിഷൻ പൊതുജനങ്ങൾക്ക് മൂന്നു ദിവസവും സൗജന്യമായി സന്ദർശിക്കാം. അന്താരാഷ്ട്ര പ്രതിനിധി സമ്മേളനത്തിൽ ഇന്ത്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും.
ദുബൈ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഈസ ബസ്താക്കി, സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാർഥ് ബാലചന്ദ്രൻ, എസ്.ഐ.എഫ് യു.എ.ഇ പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ, ആയുഷ് സംഘാടക സമിതി കോ ചെയർപേഴ്സൻ ശ്രീലേഖ വിനോദ്, വിജ്ഞാൻ ഭാരതി നാഷനൽ സെക്രട്ടറി പ്രവീൺ രാംദാസ്, സംഘാടക സമിതി അംഗം സജിത്ത് സോമൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.