ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ യു.എ.ഇ ആദ്യമായി അണിയിച്ചൊരുക്കുന്ന ഇന്റർനാഷനൽ ലീഗ് ടി 20 ടൂർണമെന്റ് അരങ്ങേറുന്നത് ഉന്നത നിലവാരത്തോടെ. ടൂർണമെന്റിലെ ലീഗ് റൗണ്ട് മത്സരങ്ങളുടെ ആദ്യ പകുതി പിന്നിട്ടപ്പോൾ സംഘാടനത്തിലും മത്സരത്തിലും മികച്ച നിലവാരം പുലർത്തിയെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം കൂടുതൽ ടീമും മികച്ച താരങ്ങളും എത്താൻ ഇത് ഉപകരിക്കും. മഴയെ തുടർന്ന് കഴിഞ്ഞ ദിവസത്തെ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതൊഴിച്ചാൽ എല്ലാം ശുഭകരമായാണ് നടക്കുന്നത്.
റൺസൊഴുക്കാണ് ടൂർണമെന്റിനെ ശ്രദ്ധേയമാക്കുന്ന ഘടകം. 200 റൺസെടുത്താൽ പോലും ജയം ഉറപ്പിക്കാൻ കഴിയുന്നില്ലല എന്നത് മത്സരങ്ങളുടെ ആവേശവും സൗന്ദര്യവും വർധിപ്പിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന താരങ്ങൾ തന്നെയാണ് ഐ.എൽ.ടി 20യിലും മുമ്പൻമാർ. അഞ്ച് മത്സരങ്ങൾ കളിച്ച അലകസ് ഹെയ്ൽസ് 418 റൺസെടുത്ത് ടോപ് സ്കോററായി മുന്നിലുണ്ട്. അഞ്ച് മത്സരങ്ങളിലം തിളങ്ങാൻ ഹെയ്ൽസിനായി. ഒരു സെഞ്ച്വറിക്ക് പുറമെ നാല് അർധശതകങ്ങളും ഈ ഇംഗ്ലീഷ് താരം കുറിച്ചു. രണ്ടാം സ്ഥാനത്തിനായി റൊവ്മാൻ പവലും ജെയിംസ് വിൻസും കീറൺ പൊള്ളാർഡും ജോ റൂട്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സിക്സറുകളുടെ എണ്ണത്തിൽ 17 സിക്സുമായി പവലും ഹെയ്ൽസും ഒപ്പത്തിനൊപ്പമുണ്ട്.
ബൗളിങ്ങിൽ ക്രിസ് ജോർദാനാണ് മുൻപിൽ. ഏഴ് മത്സരങ്ങളിൽ പത്ത് വിക്കറ്റ്. എന്നാൽ, അപ്രതീക്ഷിത പ്രകടനം നടത്തുന്നത് യു.എ.ഇ താരം ജുനൈദ് സിദ്ധീഖാണ്. വമ്പൻ താരങ്ങൾ കളിക്കുന്ന ടൂർണമെന്റിൽ ഒമ്പത് പേരെ പുറത്താക്കി വിക്കറ്റ് വേട്ടയിൽ മുൻപിലുണ്ട് ജുനൈദ്. നവീനുൽ ഹഖും ഷെൾഡൻ കോട്രല്ലും വൈസുമാണ് പിന്നാലെയുള്ളത്. ടിക്കറ്റ് നിരക്ക് കുറവായതിനാൽ മോശമല്ലാത്ത കാണികളുടെ പിന്തുണയും താരങ്ങൾക്ക് കിട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.