അബൂദബി: ഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സഅർ യു.എ.ഇയിലെത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫലസ്തീനിൽ വെടിനിർത്തലും സാമാധാനവും സാധ്യമാക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ഇസ്രായേൽ വിദേശകാര്യമന്ത്രിയോട് പറഞ്ഞു. മേഖല മുമ്പെങ്ങുമില്ലാത്ത സംഘർഷവും അസ്ഥിരതയുമാണ് അനുഭവിക്കുന്നത്. ഫലസ്തീനിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതും, സംഘർഷം വ്യാപിക്കുന്നതും തടയേണ്ടതുമാണ്.
തടവുകാരെ പരസ്പരം കൈമാറി സ്ഥിരം വെടിനിർത്തൽ സാധ്യമാക്കുന്നതിന് ഖത്തറും, ഈജിപ്തും, യു.എസും നടത്തുന്ന ശ്രമങ്ങക്ക് യു.എ.ഇയുടെ പിന്തുണയുണ്ടാകുമെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. യു.എ.ഇ ഫലസ്തീൻ ജനതകൊപ്പമാണ്. അവരുടെ അവകാശങ്ങളും സ്വയംനിർണയകാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. ഫലസ്തീൻ ജനതക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ യു.എ.ഇ തുടരും. അതോടൊപ്പം ഏതുവിധത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും യു.എ.ഇ എതിർക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. വിദേശാകര്യമന്ത്രി സഹമന്ത്രി ലന സാകി നുസൈബ, വാണിജ്യകാര്യ സഹമന്ത്രി സഈദ് മുബാറക് അൽ ഹജരി, ഇസ്രായേൽ അംബാസഡർ മുഹമ്മദ് മഹമൂദ് അൽഖാജ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.