അജ്മാന്: അജ്മാന് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താമത് വിദ്യഭ്യാസ പ്രദര്‍ശനം ‘ഐടെക്സ് -2023’ ചൊവ്വാഴ്ച ആരംഭിക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ മേല്‍നോട്ടത്തില്‍ അജ്മാന് ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തുന്ന പ്രദര്‍ശനം മാര്‍ച്ച് രണ്ട് വരെ നീണ്ടു നില്ക്കും.
അജ്മാന് ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഗള്‍ഫ് കൂടാതെ നിരവധി രാജ്യങ്ങള്‍ പങ്കെടുക്കും. ഏറ്റവും പുതിയ വിദ്യാഭ്യാസ സംവിധാനങ്ങൾ, അച്ചടക്കം, നൂതനമായ പരിപാടികൾ, ആധുനിക വിദ്യാഭ്യാസ സംബന്ധിയായ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് അന്താരാഷ്ട്രതലത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള വേദിയായി പ്രദര്‍ശനം മാറും.
രാജ്യത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി കൂട്ടായ്മകളും സ്ഥാപനങ്ങളും എക്സിബിഷനിൽ പങ്കെടുക്കും. അക്കാദമിക്, പരിശീലന പരിപാടികളും പ്രദർനത്തില്‍ അരങ്ങേറും. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരവധി സെമിനാറുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ആയിരക്കണക്കിന് പേര് സന്ദര്‍ശനം നടത്തുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്.
വരും തലമുറയുടെ പുരോഗതി ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയായിരിക്കും സന്ദര്‍ശന സമയം. വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ വിദഗ്ദരേയും പരസ്പരം ബന്ധിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്ക് ബഹു മുഖങ്ങളായ വിദ്യാഭ്യാസ മേഖലയെ പരിചയപ്പെടുത്തുക.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രക്ഷിതാക്കളെയും പരസ്പരം ബന്ധപ്പെടുതുക, വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച സേവനം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ പരിശീലന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ പ്രദര്‍ശനങ്ങളില്‍ ഒന്നായാണ് ഈ പ്രദര്‍ശനം വിലയിരുത്തുന്നത്.
വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് മേഖലകള്‍ കണ്ടെത്താന്‍ ഈ പ്രദര്‍ശനത്തില്‍ സൗകര്യമുണ്ടായിരിക്കും. വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ തുടങ്ങി വിവധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വര്‍ക്ക് ഷോപ്പുകളും അരങ്ങേറും.
വിദ്യാഭ്യാസ മന്ത്രാലയം ഈ പ്രദര്‍ശനത്തിനു നല്കുന്ന പിന്തുണയ്ക്ക് അജ്മാന് ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ നാസര്‍ അല്‍ ദാഫരി നന്ദി പറഞ്ഞു. പ്രദര്‍ശനം പരമാവധി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.