ഡിസംബറിലാണ് സന്ദർശകവിസയിൽ മകൾ നൂർജയേയും നിഷയേയും പേരകുട്ടികളെയും കാണാൻ യു.എ.ഇയിൽ എത്തിയത്. ദുബൈ, ഷാർജ മഹാനഗരങ്ങളിൽ ഗൂഗിൾ മാപ്പ് വരുന്നതിന് മുമ്പ് എങ്ങിനെയാണാവോ മുൻപരിചയമില്ലാത്ത സ്ഥലത്തേക്ക് ഡ്രൈവ് ചെയ്തിരുന്നത് എന്നോർത്ത് അത്ഭുതപ്പെടാറുണ്ട്. അങ്ങനെ ഒരു ദിവസം നൂർജയുടെ കൂടെ കാറിൽ ഷാർജയിൽ നിന്ന് ദുബൈയിലെ ഒരിടത്തേക്ക് പോയതായിരുന്നു. പെട്ടെന്നവൾക്കെന്തോ വെപ്രാളം. 'ഡാറ്റ പോയി', അവൾ പരിഭ്രമത്തോടെ പറഞ്ഞു. 'ഡാറ്റ പോണ വഴിക്ക് പോട്ടെ, നമുക്ക് നമ്മുടെ വഴിക്ക് പോകാം' എന്ന് പറയാൻ വിചാരിച്ചതാണ്.
'റൂട്ട് മാപ്പില്ല'- ഡ്രൈവർ സീറ്റിന് മുൻപിൽ ഉയർത്തി വെച്ചിരുന്ന മൊബൈൽ കാണിച്ച് അവൾ പറഞ്ഞു. മൊബൈലിൽ തെളിഞ്ഞു നിന്നിരുന്ന വർണ്ണ വരകളൊന്നും ഇപ്പോൾ കാണുന്നില്ല. ദുബൈയിലെ എട്ടുകാലിവല പോലെ പിണഞ്ഞു കിടന്ന റോഡുകൾക്കിടയിലെ ഏതോ റോഡിൽ വെച്ചായിരുന്നു സംഭവം. മൊബൈലിൽ തെളിയുന്ന വർണ്ണവരകളില്ലാതെ എവിടെ, എങ്ങോട്ട് തിരിയണമെന്നറിയില്ല.
നാട്ടിലാണെങ്കിൽ ചോയ്ച്ച് ചോയ്ച്ച് പോവാം. ഇവിടാരോടാ ചോയ്ക്കാ. ചോയ്ക്കാൻ ഒറ്റ മനുഷ്യനില്ല. ഉണ്ടായിട്ടും കാര്യല്ല്യ. ഒരെണ്ണത്തിന് തെക്കും വടക്കും അറീല്ല്യ. മുന്നിലും പിന്നിലും ഇടതും വലതുമൊക്കെ 80 കിലോമീറ്റർ വേഗത്തിലോടുന്ന വണ്ടികളാണ്. നിർത്താനോ പാർക്ക് ചെയ്യാനോ പറ്റില്ല. ഓർമ്മ വന്നത് പഴയൊരു ബോട്ട് യാത്രയാണ്. ബോംബെ കരഞ്ചയിൽ താമസിക്കുമ്പോഴാണ്. ഒരു ദിവസം ബോംബെയിൽ പോയി തിരിച്ച് കരഞ്ചക്ക് മടങ്ങുകയായിരുന്നു.
നേവൽ ഡോക്ക് യാർഡിൽ നിന്ന് പുറപ്പെട്ടാൽ 45 മിനിറ്റ് കൊണ്ട് നേവി ബോട്ട് കരഞ്ച ജെട്ടിയിലെത്തും. അവിടുന്ന് നേവി ട്രക്കിൽ ക്വാർട്ടേഴ്സിലെത്താം. അന്ന് ബോട്ട് പുറപ്പെട്ടു കുറച്ചു ദൂരം പോയപ്പോഴേക്കും നല്ല കാറ്റും മഴയും തുടങ്ങി. മഴ കാരണം ചുറ്റുമുള്ളതൊന്നും കാണാതായി. സ്രാങ്കിന് പരിഭ്രമമായി. ഓളങ്ങളിൽ ചാഞ്ചാടി ബോട്ട് എങ്ങോട്ടോ പോയ്ക്കൊണ്ടിരുന്നു. എങ്ങോട്ട് തിരിക്കണം എന്ന് സ്രാങ്കിനറിയില്ല.
ആ പഴയ ബോട്ടിൽ ദിശയറിയാനുള്ള കുന്ത്രാണ്ടമൊന്നും ഉണ്ടായിരുന്നില്ല. യാത്രക്കാർ ഒരാൾ ദൈനേ ചലോന്ന് പറയുമ്പോൾ വേറൊരാൾ ഭായേ ചലോന്ന് പറയും. അങ്ങനെ ഭായേ, ദൈനേ, ആഗേ, പീച്ചേ വിളികൾ കേട്ട് സ്രാങ്കിന് വട്ടായി. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ബോട്ട് നല്ല പോലെ ആടാനും പൊങ്ങിത്താഴാനുമൊക്കെ തുടങ്ങി. ഉൾക്കടൽ വിട്ട് ബോട്ട് പുറംകടലിലെത്തിയിരുന്നു. പലരും ഛർദ്ദിക്കാൻ തുടങ്ങി. ഞാൻ ഛർദ്ദിച്ച് തീരെ വയ്യാണ്ടായി.
പല മതക്കാരുടേയും പല ഭാഷകളിലുള്ള ദൈവവിളികളും പ്രാർത്ഥനകളും നിലവിളികളുമൊക്കെ ഉയർന്നു. കുറെക്കൂടി കഴിഞ്ഞ് മഴയൊന്ന് ശമിച്ചപ്പോൾ ചുറ്റുപാടും കാണാറായി. നോക്കുമ്പോൾ പുറംകടലിൽ നങ്കൂരമിട്ടു കിടന്ന വലിയ വലിയ കപ്പലുകൾക്കിടയിലൂടെയാണ് ബോട്ട് പോകുന്നതെന്ന് കണ്ടു. അന്തരീക്ഷം തെളിഞ്ഞപ്പോൾ ദൂരെ ബോംബെ നഗരം ദൃശ്യമായി. സ്രാങ്ക് ബോട്ട് തിരിച്ചു. ആ.... ഡാറ്റ വന്നു. മൊബൈലിൽ വരകൾ തെളിഞ്ഞിരിക്കുന്നു. നൂർജ ഉഷാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.