ദുബൈ: അതിനൂതന സാങ്കേതികവിദ്യകളും ആശയങ്ങളും ലോകത്തിന് മുമ്പിൽ തുറന്നിടുന്ന ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന്റെ (ജൈടെക്സ് ഗ്ലോബൽ) 44ാമത് എഡിഷന് ദുബൈയിൽ പ്രൗഢമായ തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച മേള ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല് മക്തൂം ഉദ്ഘാടനം ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ളവർ മേള സന്ദർശിക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച വരെ നടക്കുന്ന മേളയിൽ ഏതാണ്ട് 180 രാജ്യങ്ങളിൽനിന്നായി 6500 കമ്പനികളാണ് പങ്കെടുക്കുന്നത്. മിഡിൽ ഈസ്റ്റിലും പുറത്തുമുള്ള വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും മികച്ച സൊലൂഷനുകളാണ് മേളയിൽ അവതരിപ്പിക്കുക. നിർമിത ബുദ്ധി (എ.ഐ), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചാണ് പ്രദർശനം. കേരളത്തില്‍നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ഐ.ടി വകുപ്പിന്റെയും കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധി സംഘം ജൈടെക്സ് ഗ്ലോബലില്‍ തങ്ങളുടെ സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 65,500 ഡയറക്ടർമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. നിരവധി കരാർ ഒപ്പുവെക്കൽ ചടങ്ങുകൾക്കും മേള സാക്ഷിയാകും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളുകളിലായാണ് മേള. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. 18ന് സമാപിക്കും.
തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിങ് ഇടങ്ങൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഇത്തിസലാത്ത്, സെന്റർ പോയന്റ് മെട്രോ സ്റ്റേഷൻ പാർക്കിങ്ങുകൾ, ജബൽ അലി മെട്രോ സ്റ്റേഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് വിശാലമായ പാർക്കിങ് സൗകര്യങ്ങളുള്ളത്. കൂടാതെ, മാക്സ് മെട്രോ സ്റ്റേഷന് പരിസരത്തെ അൽ കിഫാഫ് ബഹുനില പാർക്കിങ് സൗകര്യവും ഉപയോഗിക്കാം. വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷൻ, മാക്സ് മെട്രോ സ്റ്റേഷൻ, ജൈടെക്സ് ഗ്ലോബൽ പാർക്കിങ് ഏരിയ എന്നിവക്കിടയിൽ ആർ.ടി.എയുടെ ബസുകൾ ഷട്ടിൽ സർവിസ് നടത്തും.
അൽ മൈദാൻ സ്ട്രീറ്റിൽനിന്ന് വരുന്നവർക്ക് അൽ മുസ്താഖ്ബൽ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിൽനിന്ന് വരുന്നവർക്ക് അൽ സുകുക്ക് സ്ട്രീറ്റ് എന്നിങ്ങനെയുള്ള ബദൽ റൂട്ടുകൾ ഉപയോഗിച്ച് ഫിനാൻഷ്യൽ സെന്റർ ഏരിയയിലെത്താം. ഈ സ്ഥലങ്ങളിലെ പാർക്കിങ് സംബന്ധിച്ച തത്സമയ അപ്ഡേറ്റുകൾക്കായി ജൈടെക്സ് പ്ലസ് ആപ് ഉപയോഗിക്കാം. കൂടാതെ വേദിയിലേക്ക് 300 ടാക്സികളും സജ്ജമാണ്. ദുബൈ പൊലീസ് ആപ്പിലും അറിയിപ്പുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.