ദുബൈ: ആർ.ടി.എയുടെ സേവന ദാതാക്കളായ ‘കരീ’മിന്റെ സൈക്കിളുകൾ ഇതുവരെ ദുബൈ നഗരത്തിൽ ഓടിത്തീർത്തത് 28 ലക്ഷം ട്രിപ്പുകളിലായി 5,993,450 കിലോമീറ്റർ. 2020 ഫെബ്രുവരിയിൽ സർവിസ് തുടങ്ങിയത് മുതൽ കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. ആർ.ടി.എയും കരീം ബൈക്കുമാണ് കണക്ക് പുറത്തുവിട്ടത്. ദുബൈയെ സൈക്കിൾ സൗഹൃദനഗരമാക്കുക എന്ന ലക്ഷ്യത്തിന്റെ വിജയമാണിതെന്ന് ആർ.ടി.എ വിലയിരുത്തി.
കഴിഞ്ഞ വർഷം സ്റ്റേഷനുകളുടെ എണ്ണം 175 ആയി വർധിച്ചു. ബൈക്കുകളുടെ എണ്ണം 1750 ആയും ഉയർന്നു. കഴിഞ്ഞവർഷം മാത്രം 14 ലക്ഷം ട്രിപ്പുകളാണ് ‘കരീം’ നടത്തിയത്. 2021നെ അപേക്ഷിച്ച് 61 ശതമാനത്തിന്റെ വർധന. അൽഖുദ്ര മുതൽ ബിസിനസ് ബേയിലെ അട്രിയ ടവർ വരെയുള്ള 58 കിലോമീറ്ററാണ് ഒറ്റ ട്രിപ്പിലെ ഏറ്റവും ദീർഘദൂര സഞ്ചാരം. കഴിഞ്ഞവർഷം സൈക്കിളുകൾ കൂടുതൽ ഉപയോഗിച്ചതുവഴി 912 ടൺ കാർബൺ ഡൈ ഓക്സൈഡ് കുറക്കാൻ കഴിഞ്ഞു.
ഒരുവർഷം 289 കാറുകൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണിത്. കരീം ബൈക്കുകൾ ലോഞ്ച് ചെയ്തത് മുതൽ ഇതുവരെ 1,926,033 കിലോ കാർബൺ ഡൈ ഓക്സൈഡ് കുറക്കാൻ കഴിഞ്ഞു. 600 കാറുകൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണിത്. 2022ൽ രണ്ട് സ്റ്റേഷനുകൾക്കിടയിൽ സൈക്കിളുകൾ നടത്തിയത് 251,393 യാത്രകളാണ്. വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി നടത്തിയത് 361,357 ട്രിപ്പുകൾ. യാത്രകളിൽ 83 ശതമാനവും ഉപയോഗിച്ചത് ദുബൈയിലെ താമസക്കാരാണ്. 17 ശതമാനം സന്ദർശകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.