ദുബൈ: ഗൾഫുഡിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തിയ കേരളവും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി) ആണ് ‘കേരളത്തിൽ നിക്ഷേപിക്കൂ’ എന്ന പ്രമേയത്തിൽ നിക്ഷേപക കോൺക്ലേവ് സംഘടിപ്പിച്ചത്.
ഭക്ഷ്യമേഖലയിലും ഭക്ഷ്യസംസ്കരണ സാങ്കേതിക വിദ്യയിലും കേരളത്തിലെ അനന്തമായി നിക്ഷേപ സാധ്യതകളെയാണ് കെ.എസ്.ഐ.ഡി.സി മുന്നോട്ടുവെച്ചത്. ഭക്ഷ്യ മേഖലയിലെ നിക്ഷേപങ്ങൾക്കും വികസന പദ്ധതികൾക്കുമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുഖ്യ പരിഗണന നൽകുന്നത്.
ഭക്ഷ്യ മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുകയും കേരളത്തിൽ വ്യവസായം തുടങ്ങാൻ ഗൾഫ് മേഖലയിലെ സംരംഭകരെ പ്രേരിപ്പിക്കുകയുമാണ് ഇൻവെസ്റ്റർ കോൺക്ലേവിന്റെ ലക്ഷ്യമെന്ന് കെ.എസ്.ഐ.ഡി.സി എം.ഡിയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഡയറക്ടറുമായ എസ്. ഹരികിഷോർ ഐ.എ.എസ് പറഞ്ഞു. ഭക്ഷ്യാധിഷ്ഠിത വ്യവസായ മേഖലയിൽ വിദേശ, പ്രാദേശിക നിക്ഷേപകർക്ക് ഏറ്റവും സുഗമമായ അന്തരീക്ഷം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സുലഭമായ അസംസ്കൃത വസ്തുക്കൾ മുതൽ പൂർണ സജ്ജമായ നിർമാണ യൂനിറ്റ് വരെ, സകല സൗകര്യങ്ങളും ഒരുക്കിയാണ് സംസ്ഥാനം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടോടെയും രാജ്യാന്തര വിപണിയിലേക്ക് വളരാനുള്ള അവസരങ്ങളും കേരളം വാഗ്ദാനം ചെയ്യുന്നു.
കേരളത്തിന്റെ ഭക്ഷ്യ വ്യവസായ മേഖലയുടെ സമഗ്ര വിവരങ്ങൾ വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ് അവതരിപ്പിച്ചു. അഞ്ച് ഭക്ഷ്യ സംസ്കരണ പാർക്കുകൾ, രണ്ട് മെഗാ ഫൂഡ് പാർക്കുകൾ, വരാൻ പോകുന്ന മിനി ഫൂഡ് പാർക്കുകൾ അടക്കം അടിസ്ഥാന സൗകര്യ മേഖലയിൽ ഏതൊരു നിക്ഷേപകനും ആകർഷകമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്.
കേരളം, സുഗന്ധ വ്യഞ്ജന പാർക്കുകളുടെ ആസ്ഥാനമാണെന്നത്, സുഗന്ധവ്യഞ്ജന കൃഷിയിൽ കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, യു.എ.ഇ ഫുഡ് ആൻഡ് ബീവറേജസ് മാനുഫാക്ചറിങ് ബിസിനസ് ഗ്രൂപ് ചെയർമാൻ സാലിഹ് അബ്ദുല്ല ലൂതാ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.