ദുബൈ: അവശ്യമരുന്നുകൾ മുടങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസവുമായി വീണ്ടും കെ.എം.സി.സി. ദുബൈയിലെ കണ്ണൂർ ജില്ല കെ.എം.സി.സിയാണ് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിനു കീഴിലെ ഹസനാത്ത് മെഡിക്കൽ സെൻററുമായി കൈകോർത്ത് നാട്ടിൽനിന്ന് മരുന്നുകളെത്തിച്ചുതുടങ്ങിയത്. ഹൃദ്രോഗം, മാനസിക പ്രശ്നങ്ങളുള്ളവർ, വൃക്കരോഗികൾ തുടങ്ങി നാട്ടിൽ ചികിത്സ തേടുന്ന പ്രവാസികളിൽ മഹാഭൂരിഭാഗവും കൃത്യമായ മരുന്നുകൾ കിട്ടാതെയും പകരം മരുന്നുകൾ ലഭിക്കാതെയും പ്രയാസപ്പെടുന്നത് തിരിച്ചറിഞ്ഞാണ് ലോകത്ത് വിലക്ക് തുടരുമ്പോഴും ശ്രമങ്ങളുമായി കെ.എം.സി.സി മുന്നോട്ടുനീങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെ നാട്ടിലെയും ദുബൈയിലെയും കെ.എം.സി.സി വളൻറിയർമാരുടെ ഏകോപനത്തിലൂടെ ഹസനാത്ത് മെഡിക്കൽ സെൻററിെൻറ സഹായത്തോടെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആദ്യഘട്ട മരുന്നുകൾ ഇന്ന് ഗൾഫിലെത്തിയത്.
25 പേർക്കുള്ള മരുന്നുകൾ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കി ഹസനാത്ത് ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി മാതോടം ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ. ഇസ്മായിലിന് കൈമാറി.
തുടർദിവസങ്ങളിലും ഗൾഫിൽ ലഭ്യമല്ലാത്ത പെട്ടെന്ന് ലഭ്യമാക്കേണ്ടതുൾപ്പെടെയുള്ള അവശ്യമരുന്നുകളും പുതിയ സംവിധാനം വഴി എത്തിക്കാൻ സാധിക്കുമെന്ന് കെ.എം.സി.സി കണ്ണൂർ ജില്ല ഭാരവാഹികൾ പറഞ്ഞു.നാട്ടിൽനിന്നു ദാറുൽ ഹസനാത്ത് കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ, മെഡിക്കൽ സെൻറർ കോഓഡിനേറ്റർ പി.വി. അബ്‌ദു, ഡോ. എ.പി. റഷീദ്, പി.കെ. ആസാദ് എന്നിവരാണ് ഗൾഫിലേക്കുള്ള മരുന്നുകൾ ഒരുക്കുന്നത്. ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി ഹെൽപ് ഡസ്ക്കിൽ നടന്ന ചടങ്ങിൽ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി, ട്രഷറർ കെ.വി. ഇസ്മായിൽ, ചീഫ് കോഓഡിനേറ്റർ റഹ്ദാദ് മൂഴിക്കര, റഫീഖ് കല്ലിക്കണ്ടി, സമീർ വേങ്ങാട്, സിറാജ് കതിരൂർ, വാഹിദ് പാനൂർ, നദീർ ഇരിക്കൂർ, സഹീർ തലശ്ശേരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.