അബുദാബി: വന്യജീവികളെ കണ്ടെത്തുന്നതിനായി ഇമാറാത്തി സംഘം വികസിപ്പിച്ച 'ഗാലിബ്' ഉപഗ്രഹം വിക്ഷേപിച്ചു. മാർഷൽ ഇൻറക് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹം ഫ്ലോറിഡയിലെ കേപ് കാനവേറൽ ബഹിരാകാശ സ്റ്റേഷനിൽ സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിച്ചാണ് വിജയകരമായി വിക്ഷേപിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിൽ ഉപഗ്രഹം അതിെൻറ ഭ്രമണപഥത്തിൽ പ്രവേശിച്ചു. നൂതന സാങ്കേതികവിദ്യകളുള്ള ഗാലിബ് ഉപഗ്രഹം രാജ്യത്തിെൻറ വിദൂര പ്രദേശങ്ങളിലെ വന്യജീവികളെയും പക്ഷി കുടിയേറ്റത്തെയും മൃഗങ്ങളെയും നിരീക്ഷിക്കാൻ ഗവേഷകരെ സഹായിക്കുന്നതാണ്.
യു.എ.ഇ ബഹിരാകാശ വ്യവസായത്തിൽ യുവ ഇമാറാത്തി സംരംഭകരുടെ വർധിച്ചുവരുന്ന പങ്കും മേഖലയിലെ ബഹിരാകാശ പഠനങ്ങളുടെ നേതൃത്വമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനവും ഈ വിക്ഷേപണം വ്യക്തമാക്കുന്നു.
ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ, കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് ഡിസൈൻ തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിൽ പ്രാവീണ്യമുള്ള ഒരു കൂട്ടം സംരംഭകരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടത്. ഗ്രൂപ്പ് മേധാവി മുഹമ്മദ് ബിൻ ഗാലിബ്, പദ്ധതികളുടെ തലവൻ ഒമർ ബിൻ ഗാലിബ്, ഇലക്ട്രോണിക് എഞ്ചിനീയർ ഹമദ് ബിൻ ഗാലിബ്, ആയിഷ ബിൻ ഗാലിബ്, ഇലക്ട്രോണിക് എഞ്ചിനീയർ സാറ ബിൻ ഗാലിബ്, ഗ്രൗണ്ട് സ്റ്റേഷൻ ആലിയ അൽ ഉംറാനി അൽ ഷംസി എന്നിവർ സംഘാംഘങ്ങളാണ്.
യു.എ.ഇ ബഹിരാകാശ മേഖലയിൽ ഏകദേശം 22 ബില്ല്യൺ നിക്ഷേപം നടത്തിയിട്ടുണ്ട്. ദേശീയ ബഹിരാകാശ തന്ത്രത്തിലെ പ്രധാന പങ്കാളിയാകാൻ രാജ്യത്തെ സ്വകാര്യമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംരംഭകർക്ക് പിന്തുണ നൽകുന്നതും പുതിയ സാമ്പത്തിക മേഖലകളിലേക്ക് പ്രവേശിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതും ഭാവിയിലെ വ്യവസായ മേഖലയിൽ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നയത്തിെൻറ ഭാഗമാണെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.