വെള്ളം കുടിക്കാൻ 'വുദു' ചെയ്ത നോമ്പുകാലം

52 വർഷം മുമ്പൊരു നോമ്പുകാലത്തായിരുന്നു ഗൾഫ് സ്വപ്നവും കണ്ട് പത്തേമാരിയിൽ ദുബൈയിലേക്ക് തിരിച്ചത്. അന്ന് ഞങ്ങൾക്ക് യു.എ.ഇ എന്നാൽ ദുബൈ ആണ്. പത്തേമാരിയുടെ ലക്ഷ്യം ഷാർജയിലെ ഖോർഫക്കാനായിരുന്നെങ്കിലും പറച്ചിലിലും പ്രയോഗത്തിലുമെല്ലാം യാത്ര ദുബൈയിലേക്കായിരുന്നു. കൊടുംചൂടും കാറ്റും മൂലം നോമ്പ് ഒഴിവാക്കിയിരുന്നെങ്കിലും ഭക്ഷണം വളരെ കുറവായിരുന്നു.


 


അബ്ദുൽ വാഹിദ്, മുൻ പൊലീസ് ഉദ്യോഗസ്ഥൻ

അതിനാൽ, ഷാർജയിൽ ഇറങ്ങിയ ഉടൻ ആദ്യം അന്വേഷിച്ചത് കടയാണ്. 14 ദിവസത്തെ പത്തേമാരി യാത്രക്കൊടുവിൽ ഖോർഫക്കാനിലാണ് എത്തിയത്. ഇവിടെയെത്തിയപ്പോൾ എല്ലാവരോടും കപ്പലിൽനിന്ന് ചാടിക്കോളാൻ പറഞ്ഞു. അവിടെനിന്ന് നീന്തിയാണ് കരക്കെത്തിയത്, വെറുംകൈയോടെ. പാസ്പോർട്ടോ വിസയോ ഒന്നുമില്ല. കൈയിൽ പണമൊന്നുമില്ലായിരുന്നെങ്കിലും നാട്ടുകാരനായ (മുൻപരിചയമില്ല) ഒരാൾ ഞങ്ങൾക്ക് ഭക്ഷണം നൽകി. അവിടെയെത്തുന്ന പാവപ്പെട്ടവർക്ക് അദ്ദേഹം സൗജന്യമായി ഭക്ഷണം നൽകുമത്രേ.

നോമ്പുകാലത്തെ ഗൾഫിലെ നിയമങ്ങളെ കുറിച്ച് ഭയപ്പാടോടെയായിരുന്നു കേട്ടിരുന്നത്. പകൽസമയങ്ങളിൽ ഭക്ഷണം കഴിച്ചാലും കള്ളത്തരം കാണിച്ചാലും കൈവെട്ടുമെന്നായിരുന്നു കേട്ടുകേൾവി. ഒരിടത്ത് ഇന്‍റർവ്യൂവിന് പോയപ്പോൾ ഒറ്റക്കൈയനായ ഒരാളെ കണ്ട് ഇയാളുടെ കൈ വെട്ടിയതാവാമെന്ന് തെറ്റിദ്ധരിച്ചിരുന്നു. ദുബൈയിലെത്തിയ ആദ്യ ദിവസങ്ങളിൽ നോമ്പെടുത്തിരുന്നില്ല.

എങ്ങനെയെങ്കിലും വെള്ളം കുടിക്കണം എന്നാഗ്രഹവുമുണ്ടായിരുന്നു. നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്നതിനിടെ വെള്ളം കുടിക്കുക എന്നതായിരുന്നു ഏക പോംവഴി. ഇതിനായി പള്ളിയിൽ കയറി വുദു ചെയ്തു. പക്ഷേ, തൊട്ടടുത്ത് ഇമാറാത്തി പൗരന്മാരുണ്ടായിരുന്നതിനാൽ ഇതിന് ധൈര്യം കിട്ടിയില്ല. ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണറിഞ്ഞത് യു.എ.ഇയിൽ അങ്ങനെയൊരു നിയമംപോലുമുണ്ടായിരുന്നില്ല എന്ന്. പക്ഷേ, അന്ന് വുദു ചെയ്തുകഴിഞ്ഞപ്പോൾ ക്ഷീണം മാറി എന്നതാണ് സത്യം. അതാണ് റമദാന്‍റെയും നമസ്കാരത്തിന്‍റെയും വുദുവിന്‍റെയും മഹത്വം.

1970 കാലമാണത്. അന്ന് റമദാൻ ടെന്‍റോ ഇഫ്താർ ഭക്ഷണമോ ഒന്നുമില്ല. പള്ളികളിലും കാര്യമായ പരിപാടികളില്ല. കുബ്ബൂസും റൂമിലുണ്ടാക്കുന്ന കഞ്ഞിയുമായിരുന്നു ഏക ആശ്രയം. അക്കാലമെല്ലാം മാറി. റമദാന് ഒരാളും പട്ടിണി കിടക്കാത്ത അവസ്ഥയിലേക്ക് യു.എ.ഇ മാറിയത് കൺമുന്നിൽ കാണാൻ കഴിഞ്ഞു. കജൂറിന്‍റെ ഓലമെടഞ്ഞ കുടിലിനുള്ളിലായിരുന്നു താമസം. കൊടും ചൂടും തണുപ്പുമെല്ലാം ഉള്ളിൽ കയറിയിറങ്ങും. ജോലി പോലുമില്ലാത്ത സമയമായിരുന്നു. നോമ്പെടുത്താലും നോമ്പുതുറക്കാൻ പണം കൈയിലുണ്ടാവില്ല. ജോലി കിട്ടിയ സമയത്ത് കൂടുതൽ കടുപ്പമായി. ഇന്നത്തെ പോലെ സമയക്രമമൊന്നുമില്ല. ജോലി ചെയ്യുന്നതിനനുസരിച്ചായിരുന്നു കൂലി. അതിനാൽ, നോമ്പെടുത്തും ജോലി ചെയ്തുകൊണ്ടിരുന്നു. ആഹാരമെങ്കിലും ലഭിക്കണേ എന്ന് പ്രാർഥിച്ചിരുന്ന കാലമുണ്ടായിരുന്നു.

ഇതിനിടെ ബേനസീർ ഭുട്ടോയുടെ നേതൃത്വത്തിലുള്ള റാശിദിയയിലെ സ്റ്റീൽ പ്ലാൻറിൽ ചെറിയൊരു ജോലി കിട്ടി. പിന്നീട് റാസൽഖൈമയിലേക്ക് മാറി. റോഡ് പണിക്കെത്തിയവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കലായിരുന്നു പ്രധാന ജോലി. ഇതിനിടയിലാണ് യു.എ.ഇ രൂപംകൊള്ളുന്നത്. 1973ലാണ് ദുബൈ എയർപോർട്ടിൽ ജോലിക്ക് കയറിയത്. കാറ്ററിങ് സർവിസിൽ 15 വർഷം അവിടെയായിരുന്നു ജോലി. ഗൾഫ് എയറിന്റെ തട്ടകം ഷാർജയിലേക്ക് മാറിയപ്പോൾ ഞാനും അവിടേക്ക് മാറി. രണ്ടു വർഷം ഷാർജയിലായിരുന്നു. ഈ സമയത്താണ് ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരായ ബ്രിഗേഡിയർ ജുമാമാൻ, റാശിദ് മസ്റൂയി എന്നിവരെ പരിചയപ്പെട്ടതും പൊലീസിലേക്ക് വിളിയെത്തിയതും. ജബൽ അലിയിലെ പൊലീസ് കോളജിൽ (ഇപ്പോൾ അക്കാദമി) സൂപ്പർവൈസറായാണ് കയറിയത്.

എട്ടു വർഷം കഴിഞ്ഞപ്പോൾ ഫുഡ് ഇൻസ്െപക്ടറായി. ജയിലുകളിലെ ഭക്ഷണ പരിശോധനയായിരുന്നു പ്രധാന ജോലി. ഭക്ഷണം പോലും കഴിക്കാൻ പണമില്ലാതെ യു.എ.ഇയിലെത്തിയ എന്നെ ജയിലിലുള്ളവർക്ക് ഭക്ഷണം കൊടുക്കാൻ നിയോഗിച്ചത് നിമിത്തമായും അനുഗ്രഹമായും കരുതുന്നു. 

Tags:    
News Summary - Lent is a time of 'ablution' to drink water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.