ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിയും ഉണർന്നും കിടക്കുന്ന അതിമനോഹര പ്രദേശമാണ് ബുഖാറയിലെ ലബ്ബി ഹൗസ്. ക്രിസ്തുവിന് 500 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നഗരം ചരിത്രത്തിന്റെ വേരുകളിൽ പടർന്നിരുന്നു. സിൽക്ക് റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമായിരുന്നു ലബ്ബിഹൗസ്. യൂറോപ്പ് മുതൽ ചൈന വരെയുള്ള വിവിധ രാജ്യങ്ങളിലുള്ള വ്യാപാരികളും മനുഷ്യരും ഇവിടെ മാസങ്ങളോളം ഒരുമിച്ചു. കച്ചവടം ചെയ്തും സ്നേഹിച്ചും നാണയങ്ങളും, ചരക്കുകളും അവർ പരസ്പരം കൈമാറി.
കൂടെ, വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും കലകളും ശില്പങ്ങളും അവരുടെ ഹൃദയാന്തരങ്ങളിൽ കുടിയേറി. പ്രാദേശിക തലത്തിൽ മാത്രം ഒതുങ്ങി നിന്ന പല മതങ്ങളും അതിർത്തി കടന്നു വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറി. ബുദ്ധമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും വ്യാപനത്തിൽ ഈ തെരുവുകൾ അനിഷേധ്യമായ പങ്ക് വഹിച്ചു. വിശ്വയാത്രക്കാരായ ഇബ്നുബത്തൂത്തയുടെയും മാർക്കോ പോളോയുടെയും യാത്രാവിവരണങ്ങളിൽ ഈ പ്രദേശത്തെ സമ്പുഷ്ടതയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്.
ചൈനയിലെ വിഖ്യാതമായ പട്ടുതുണികൾ യൂറോപ്പിലെത്തിക്കാനായി തുറക്കപ്പെട്ട ഒരു വ്യാപാരപാതയാണ് സിൽക്ക് റൂട്ട്. ചരിത്രം അടയാളപ്പെടുത്തിയതു പോലെ, ആഫ്രിക്കൻ വൻകരയിലെ താൻസാനിയ മുതൽ ദക്ഷിണകൊറിയ വരെയും, ഇന്ത്യ മുതൽ ഇറ്റലി വരെയുള്ള പ്രദേശങ്ങളും പ്രാചീന സിൽക്ക് റൂട്ടിൽ ഉൾപ്പെടും. ക്രിസ്താബ്ദത്തോടെ പ്രാചീന സിൽക്ക് റൂട്ട് ചൈന മുതൽ ഇറ്റലി വരെയായി ചുരുങ്ങി. ഇറ്റലിയിലെ വെനീസായിരുന്നു മുഖ്യവ്യാപാര കേന്ദ്രം. വെനീസിൽ നിന്ന് കരമാർഗവും കടൽമാർഗവും യൂറോപ്പിന്റെ വിവിധഭാഗങ്ങളിലേക്ക് ധാന്യങ്ങളും പാത്രങ്ങളും വിവിധയിനം ചരക്കുകളും എത്തിച്ചു. ഇന്ത്യൻ വ്യാപാരികളും പട്ടുപാതയിൽ കച്ചവടം നടത്തിയിരുന്നു. സിൽക്ക് പാതയിലുള്ള കച്ചവടക്കാരുടെ ഇന്ത്യയിലേക്കുള്ള സജീവ പങ്കാളിത്തത്തിനു തടസ്സമായതു ഹിമാലയമാണെന്നു കരുതപ്പെടുന്നു.
മാത്രമല്ല, സിൽക്ക് പാത ഉൾപ്പെടുന്ന രാജ്യങ്ങളിലുള്ള ഭരണാധികാരികൾ ഈ പാതയെ ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിച്ചു പോന്നിരുന്നു. ഉസ്ബക്കിലെ തിമൂർ ചക്രവർത്തിയും പേർഷ്യയിലെ ഉമയ്യദ് രാജാക്കന്മാരും ചൈന ഭരിച്ചിരുന്ന രാജാക്കന്മാരുമെല്ലാം ഈ പാതയുടെ സംരക്ഷകരായിരുന്നു. റെസ്റ്റോറന്റുകളും ഹോട്ടലുകളും സുവനീർ ഷോപ്പുകളുമാണ് അങ്ങാടി നിറയെ. പെരുന്നാളവധി ദിനമായതിനാലാകണം തെരുവുകൾ മുഴുവനും ജനനിബിഢമാണ്. കുടുംബമൊത്ത് അവധി ആഘോഷിക്കാൻ വന്നവർ, പ്രണയിനിയുമൊത്ത് നടത്തത്തിനിറങ്ങിയവർ, തെരുവിന്റെ ഭംഗി മതിവരുവോളം ആസ്വദിക്കുന്ന വിദേശികൾ. സംഗീതവും വർണങ്ങളും ഈ തെരുവിനെ ജീവസ്സുറ്റതാക്കുന്നു. കല്ലുപതിച്ച നടപ്പാതകൾ, കൃത്യമായ വിവരണങ്ങൾ നല്കുന്ന ബോർഡുകൾ, ഗൈഡുകൾ തുടങ്ങിയവയെല്ലാം യുനെസ്കോയുടെ സഹായ ഹസ്തങ്ങളാണ്.
ബുഖാറയുടെ പൈതൃകത്തറവാടെന്ന് ലബ്ബി ഹൗസിനെ വിശേഷിപ്പിക്കാം. നിറയെ മദ്രസകളും പള്ളികളുമുള്ള ഈ നഗരം അറിവിന്റെ ഈറ്റില്ലമായിരുന്നു. റൂമി പറഞ്ഞതു പോലെ ‘അറിവിന്റെ ഖനിയാണ് ബുഖാറ. ചരിത്രാന്വേഷികളുടെ നിധികുംഭവും’. പ്രദേശത്തെ പ്രശസ്ത മദ്രസയും സൂഫീ ധ്യാനകേന്ദ്രവുമായ കുകുൽ ദേശ് മദ്രസ നടത്തത്തിനിടയിൽ കണ്ണിലുടക്കി. പ്രശസ്ത ശില്പി നാദിർ ദിവാൻ നിർമ്മിച്ച നാദിർ ദിവാൻ ഭേഗി മദ്രസയും ഈ തെരുവിലുണ്ട്. നിറയെ പണ്ഡിതന്മാരെ വാർത്തെടുത്ത ഈ മദ്രസ ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തെ നോക്കി നിൽക്കുന്നു.
നിറയെ കുളങ്ങളുള്ള ഒരു പ്രദേശമായിരുന്നത്രേ ലബ്ബി ഹൗസ്. സോവിയറ്റ് അധിനിവേശത്തോടെ അവ ഗണ്യമായ തോതിൽ മൂടപ്പെട്ടു. ലബ്ബി ഹൗസിൽ നിന്നാണ് ബുഖാറയിലെ പ്രാചീന വാണിജ്യകേന്ദ്രം ആരംഭിക്കുന്നത്. ഒരു കിലോമീറ്റർ വിസ്തൃതിയിൽ മതിൽകെട്ടിനുള്ളിലാണ് വാണിജ്യകേന്ദ്രങ്ങൾ നിലനിൽക്കുന്നത്. 102 പൈതൃക സ്മാരകങ്ങൾ ഈ പ്രദേശത്തുണ്ടെന്ന് സൈൻ ബോർഡുകൾ സൂചിപ്പിച്ചു. ഹിന്ദിപ്പാട്ട് പാടിയും ഡാൻസു കളിച്ചും ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നൊക്കെ വിളിച്ചും ഇന്ത്യക്കാരെ കയ്യിലെടുക്കാനുള്ള കച്ചവടതന്ത്രം മനോഹരമാണ്. നടത്തത്തിനിടയിൽ ഇന്ത്യക്കാരുമൊത്ത് മത്സരിച്ച് സെൽഫിയെടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. ബോളിവുഡ് സിനിമകളുടെ സ്വാധീനം അതിബൃഹത്തായി കൊണ്ടാടുന്ന ജനതയാണിവർ. കടകളുടെ നിര കഴിഞ്ഞപ്പോൾ ദൂരെ കുത്തബ്മിനാർ പോലോത്തൊരു മിനാരം കണ്ടു. ഞങ്ങൾ ആകാംക്ഷയോടെ അതിനടുത്തേക്കു നടന്നു.
സഞ്ചാരികൾക്ക് കൺകുളിർമ നൽകുന്ന നീലത്താഴികക്കുടങ്ങളടങ്ങിയ വിശാലമായൊരു കെട്ടിടമാണ് പോഐ കല്യാൺ. കല്യാൺ മസ്ജിദ്, പീർ അറബ് മദ്രസ, കല്യാൺ മിനാരം, അമീർ ആലിം ഖാൻ മദ്രസ എന്നിവ ഉൾകൊള്ളുന്ന മനോഹര സമുച്ചയമാണിത്. ഉസ്ബക് ചരിത്രത്തിൽ പോഐ കല്യാണ് കൂടുതലും പറയാനുള്ളത് രക്തപങ്കിലമായ കദനകഥകളാണ്. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പള്ളിയും മിനാരവും കൺകുളിർമ നൽകുമെങ്കിലും, ആഴത്തിലുള്ള അന്വേഷണം നമ്മെ പതിയെ കണ്ണീരണിയിക്കും.
ക്രിസ്തുവിനു മുമ്പ് സൗരാഷ്രട്രമതക്കാർ അഗ്നിയെ ആരാധിക്കാനായി പണിത ക്ഷേത്രമായിരുന്നു പോഐ കല്യാൺ. മുസ്ലിം ഭരണാധികാരികൾ ബുഖാറ പിടിച്ചടക്കിയതോടെ ഇതിനെ പള്ളിയായി രൂപപ്പെടുത്തി. എ.ഡി 14ാം നൂറ്റാണ്ട് വരെ മോസ്കിൽ പല കൂട്ടിച്ചേർക്കലുകളും നടന്നു. 288 ചെറിയ താഴികക്കുടങ്ങളും അവയെ താങ്ങിനിർത്തുന്ന 208 തൂണുകളും വിസ്മയാവഹമാണ്. ഫോട്ടോഗ്രാഫർമാരുടെ സ്വർഗമെന്നും ഈ സ്ഥലത്തെ വിശേഷിപ്പിക്കാം.
നീലനിറമുള്ള ചെറുടൈലുകളിൽ കൊത്തിവെച്ച മനോഹരമായ കലാവിഷ്കാരങ്ങൾ ഭിത്തികളെയും മിനാരങ്ങളെയും സമ്പുഷ്ടമാക്കുന്നു. ബാങ്ക് കൊടുക്കാനുപയോഗിച്ചിരുന്ന ഈ പള്ളിയുടെ മിനാരം പിന്നീട് ദുഖസ്മൃതികളുടെ കദന ചരിത്രത്തിലിടം പിടിച്ചത് ചെങ്കിസ് ഖാന്റെ കാലത്തായിരുന്നു. ചെങ്കിസ്ഖാൻ ബുഖാറ പിടിച്ചടക്കിയതോടെ ഈ കീർത്തിസ്തംഭത്തിന്റെ യശസ്സ് പാടെ നശിച്ചു.
അദ്ദേഹം തടവിലാക്കിയ 30,000 സൈനികരുടെ വധശിക്ഷ നടപ്പിലാക്കിയത് 48 മീറ്റർ ഉയരമുള്ള ഈ മിനാരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊണ്ടായിരുന്നു. ചോരയുടെ കറപുരണ്ട ഈ വിശാലമായ മുറ്റത്ത് നവദമ്പതികളും പ്രണയിനികളും ചിരിച്ചും സന്തോഷിച്ചും ഫോട്ടോക്ക് പോസ് ചെയ്യുന്നത് ചരിത്രത്തിന്റെ കൊലച്ചിരിയാണ്. 1127 ലാണ് ഈ മിനാരത്തിന്റെ പണി പൂർത്തിയാക്കിയത്. ബാക്കോ എന്ന ശില്പിയാണ് മിനാരത്തിന്റെ രൂപകല്പനയും നിർമാണ മേൽനോട്ടവും നിർവഹിച്ചത്.
മരിക്കുമ്പോൾ തന്നെ ഈ മിനാരത്തിനുള്ളിൽ മറവ് ചെയ്യണമെന്ന അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം 30 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ മിനറെറ്റിനുള്ളിൽ സംസ്കരിച്ചു എന്നതാണ് ചരിത്രം. പോഐ കല്യാണിൽ നിന്നു തിരിച്ചു റൂമിലേക്ക് നടക്കുന്നതിനിടയിൽ വാജിദ് ഉസ്ബക് ജനതയുടെ സ്നേഹത്തെക്കുറിച്ചു വാതോരാതെ സംസാരിച്ചു. ഉള്ളിലുള്ള സ്നേഹം മികവുറ്റ രീതിയിൽ പ്രകടിപ്പിക്കുന്ന ഒരു പാവം ജനതയാണിവർ, പ്രത്യേകിച്ച് ഇന്ത്യക്കാരോട്. സോവിയറ്റ് യൂണിയൻ കാലഘട്ടമാണ് ഭൂരിപക്ഷത്തിനും ഇഷ്ടം. അതിന്റെ കാരണം ചിലർ രഹസ്യമായി സൂക്ഷിക്കുന്നു.
വ്യത്യസ്തമായ യാത്രാനുഭവങ്ങൾ ‘മുസാഫിർ ഹൂ യാരോ’ യിൽ എഴുതു. ‘പാരാജോണിന്റെ’ സമ്മാനം നേടൂ. കുറിപ്പുകൾ അയക്കേണ്ട വിലാസം:dubai@gulfmadhyamam.net.0556699188.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.