ഹബീബ് എന്നാൽ സ്നേഹിതൻ എന്നർഥം. മലയാളി കലാകാരനായ ഹബീബുറഹ്മാന്റെ സ്നേഹം മുഴുവൻ ഇമാറാത്തിലെ പ്രിയ ഭരണാധികാരികളോടാണ്. മനസ്സും ശരീരവും ഒഴിഞ്ഞുവെച്ച് രാത്രിയും പകലുമിരുന്ന് ഹബീബ് കാൻവാസിൽ പകർത്തിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളെല്ലാം ഈ നാട്ടിലെ ഭരണാധികാരികളുടേതാണ്. കണ്ടവർ കണ്ടവർ അൽഭുതത്തോടെ നോക്കി നിന്നുപോകുന്ന നിരവധി ചിത്രങ്ങൾ ഈ കലാകാരൻ പകർത്തി.
2018ൽ ഹബീബിന്റെ ഒരു ചിത്ര പ്രദർശനം അബൂദബിയിൽ നടന്നു. സ്വദേശികളും പ്രവാസികളുമായ എല്ലാവരും ആശ്ചര്യത്തോടെ നോക്കിനിന്ന ചിത്രങ്ങളായിരുന്നു പ്രദർശനത്തിൽ. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാന്റെ 51ചിത്രങ്ങൾ ജലച്ഛായത്തിൽ ഒരുക്കിയതായിരുന്നു. 'ഇയർ ഓഫ് ദസായിദ്' ആചരണത്തിന്റെ ഭാഗമായി നടന്ന പ്രദർശനം യു.എ.ഇയുടെ മഹാനായ ഭരണാധികാരിക്ക് ഇന്ത്യയുടെ ആദരവായിത്തീർന്നു. ശൈഖ് സായിദിന്റെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ പകർത്തിയ ചിത്രങ്ങളാണ് ഹബീബ് പകർത്തിയത്. ഗൂഗ്ളിലും മറ്റും ലഭ്യമായ ചിത്രങ്ങൾ നോക്കി വരച്ചെടുക്കുകയായിരുന്നു. 100ചിത്രങ്ങൾ പൂർത്തിയാക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ തിരക്കിനിടയിൽ 51ൽ ഒതുക്കേണ്ടി വന്നു. ആറുമാസക്കാലം ദിവസവും മണിക്കൂറുകൾ ചിലവഴിച്ചാണ് ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഈ പ്രദർശനത്തിൽ തന്നെ മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഈ സീരിസ് ചിത്രങ്ങൾ പിന്നീട് അൽ ഐനിലും ദുബൈയിലുമടക്കം പ്രദർശിപ്പിച്ചു. രാജകുടുംബാംഗങ്ങൾ അടക്കം നിരവധി പേർ പ്രദർശനം കാണുകയുണ്ടായി.
ശൈഖ് സായിദിന്റെ ചിത്രങ്ങളിലൂടെ മലയാളത്തിന് അഭിമാനമായുർന്ന ഈ കലാകാരൻ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈൽ സ്വദേശിയാണ്. വര കുഞ്ഞുനാളിൽ തുടങ്ങിയതാണ്. ചുറ്റുപാടുകളിൽ നിന്ന് വലിയ പിന്തുണയൊന്നും അക്കാലത്ത് ലഭിച്ചിരുന്നില്ല. എന്നാൽ പിതാവ് മമ്മുവും മാതാവ് ആയിഷയും സഹോദരങ്ങളും കരുത്തായി. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ കണ്ണൂരിൽ ഒരു സ്ഥാപനത്തിൽ ഫൈൻ ആർട്സ് കോഴ്സ് ചെയ്തു. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും കലയാണ് തന്റെ ജീവിത വഴിയെന്ന് അന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു. പഠന ശേഷം ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നത് തിരുവനന്തപുരത്താണ്. പിന്നീട് നീണ്ടകാലം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഡൽഹി, ബംഗളൂരു, മുംബൈ സ്ഥലങ്ങളിൽ കാർട്ടൂൺ ആനിമേഷൻ, ആർട് ഡയറക്ടർ, സിനിമ-പരസ്യങ്ങളുടെ പ്രീ പൊഡക്ഷൻ ആർടിസ്റ്റ് തുടങ്ങി അഭിനയമടക്കം പല മേഖലകളിൽ പ്രവർത്തിച്ചു. 18വർഷത്തെ ഈ പലവേഷങ്ങളിലെ സഞ്ചാരത്തിന് ശേഷം 2015ലാണ് യു.എ.ഇയിലെത്തുന്നത്. കുറേ അലഞ്ഞിട്ടും ജോലികിട്ടാത്ത സാഹചര്യമുണ്ടായി. അതിനിടയിലാണ് നിമിത്തം പോലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനം ഹബീബിന്റെ ജീവിതം മാറ്റിമറിച്ചത്.
കലയെയും സാഹിത്യത്തെയും പ്രോൽസാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശൈഖ് സുൽത്താന്റെ ചിത്രം അദ്ദേഹത്തിന് കൈമാറണമെന്ന ആഗ്രഹമായിരുന്നു ഹബീബിന്. 2017ൽ ശൈഖ് കേരളം സന്ദർശിച്ച സമയത്ത് അതിന് ശ്രമിച്ചെങ്കിലും തിരക്കുകൾക്കും പ്രോട്ടോകോളുകൾക്കും ഇടയിൽ അത് അസാധ്യമായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശൈഖ് സുൽത്താന് ഒരുക്കിയ സ്വീകരണ പരിപാടിയിൽ ചിത്രം പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു. ശൈഖ് സുൽത്താൻ കേരളത്തിലെ ഒരു വേദിയിൽ തന്റെ മനോഹര ചിത്രം കണ്ടത് ഹബീബെന്ന കലാകാരന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഷാർജ സർക്കാറിന് കീഴിലെ 'ഷാർജ ഹെറിറ്റേജി'ലെ ആർടിസ്റ്റായി തെരഞ്ഞെടുക്കപ്പെടാൻ അത് കാരണമായി. ഇത് ഇമാറാത്തിലെ പ്രിയ ഭരണാധികാരികളോടുള്ള ഇഷ്ടം കാൻവാസിൽ പകർത്താനും പ്രദർശിപ്പിക്കാനും കൂടുതൽ അവസരങ്ങൾ തുറക്കുകയായിരുന്നു. ശൈഖ് സായിദടക്കം ഇമാറാത്തിലെ ഭരണാധികാരികളുടെ നിരവധി ചിത്രങ്ങൾ വരക്കാനും പ്രദർശിപ്പിക്കാനും ഷാർജയിലെ ജോലി സൗകര്യമായി.
യു.എ.ഇയിലെത്തിയ ഹബീബിന് ഏറെ സഹായങ്ങൾ നൽകിയ വ്യക്തിത്വമാണ് മലപ്പുറം തിരൂർ സ്വദേശിയായ അണ്ണശ്ശേരി കുഞ്ഞി മൊയ്തീൻ കുട്ടി. എമിറേറ്റ്സ് റൈറ്റേസ് യൂനിയൻ സ്റ്റാഫായിരുന്നു മൊയ്തുക്ക. എഴുത്തുകാരുമായും ഷാർജയിലെ രാജ കുടുംബവുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നത് മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു. ജീവിതത്തിൽ മറക്കാനാവാത്ത രൂപത്തിൽ കലാ മേഖലയിൽ പ്രോൽസാഹിപ്പിക്കുകയും നിരവധി പ്രമുഖരെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട് മൊയ്തുക്കയെന്ന് ഹബീബ് പറയുന്നു. പ്രചോദനവും പ്രോൽസാഹനവും നൽകിയ ഒരു വ്യക്തിയെ കുറിച്ച് ചോദിച്ചാൽ തന്റെ മറുപടി ഇദ്ദേഹത്തിന്റെ പേരായിരിക്കുമെന്നും കഴിഞ്ഞ വർഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മൊയ്തുക്ക തനിക്ക് പിതൃതുല്യനാണെന്നും ഹബീബ് കൃതജ്ഞയോടെ പറഞ്ഞുവെക്കുന്നു.
യു.എ.ഇയുടെ മണ്ണിൽ ഏറെ സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്ന ഹബീബിന്റെ ഏറ്റവും വലിയ സ്വപ്നം ശെശഖ് സായിദിന്റെ സിരീസ് ചിത്രങ്ങൾ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന് കൈമാറലാണ്. പലരും മനോഹരമായ ഈ ചിത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഇത് നൽകിയിട്ടില്ല. ഒരിക്കൽ പ്രമുഖരടങ്ങുന്ന സദസിൽ ഇത് പ്രദർശിപ്പിക്കാനും കൈമാറാനാനും സാധിക്കും എന്ന പ്രതീക്ഷയിലാണിപ്പോൾ. ശൈഖ് സായിദിന്റെ ചിത്രങ്ങൾ വരക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു സാന്നിധ്യം പോലെ അനുഭവപ്പെട്ടിരുന്നുവെന്നും അതിനാൽ ഈ ചിത്രങ്ങൾ ഏറെ പ്രിയപ്പെട്ടതാണെന്നും ഹബീബ് പറയുന്നു. അതേപോലെ ശൈഖ് സുൽത്താന്റെ 25ഓളം പുതിയ സീരീസ് ചിത്രങ്ങൾ പണിപ്പുരയിൽ ഒരുക്കിവെച്ചിട്ടുമുണ്ട്. ഇതുവരെ പുറം ലോകത്ത് എത്തിയിട്ടില്ലാത്ത ഈ ചിത്രങ്ങൾ ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രദർശിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരൻ.
ഇമാറാത്തിലെ രാജകീയ ചിത്രങ്ങൾ വരച്ചെടുത്ത് പുതിയ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്ന ഹബീബിന് എല്ലാ പിന്തുണയും ഭാര്യ ഫെമീലയും കുടുംബവും നൽ കുന്നു. മക്കൾ: റിഹാന മെഹ്റിഷ്, റൊഹാൻ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.