അബൂദബി: ലുലു ഗ്രൂപ് തമിഴ്നാട്ടിൽ 3,500 കോടി രൂപ മുതൽമുടക്കുന്നു. യു.എ.ഇയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അബൂദബി ചേംബർ ആസ്ഥാനത്ത് വെച്ച് ലുലു ഗ്രൂപ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലിയുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി. ഷോപ്പിങ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവയാണ് ആരംഭിക്കുന്നത്. ധാരണപത്രത്തിൽ ലുലു ഗ്രൂപ്പും സംസ്ഥാന സർക്കാറും ഒപ്പുവെച്ചു. തമിഴ്നാടിനെ പ്രതിനിധാനംചെയ്ത് വ്യവസായ വികസന വകുപ്പ് പ്രമോഷൻ ബ്യൂറോ മാനേജിങ് ഡയറക്ടർ പൂജ കുൽക്കർണിയും ലുലു ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയുമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരശ്, എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചത്.
നിക്ഷേപവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാറുമായി ധാരണയിലെത്തിയതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നിക്ഷേപർക്ക് നൽകുന്നത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും പുറമെ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാർഷികോൽപ്പന്നങ്ങൾ സംഭരിക്കാനും സംസ്കരിക്കാനും ലുലു ഗ്രൂപ് ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കും. പദ്ധതിയുടെ തുടർചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്‍റെ ഉന്നതതല സംഘം അടുത്തദിവസം തന്നെ തമിഴ്നാട് സന്ദർശിക്കുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ, സേലം, മധുര, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും. ലുലു ഗ്രൂപ്പിന്‍റെ തമിഴ്നാട്ടിലെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് ഈ വർഷം അവസാനം കോയമ്പത്തൂരിൽ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.
അബൂദബി ചേംബർ ഡയറക്ടർമാരായ അലി ബിൻ ഹർമൽ അൽ ദാഹിരി, മസൂദ് അൽ മസൂദ്, ലുലു ഗ്രൂപ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ് ഇന്ത്യ- ഒമാൻ ഡയറക്ടർ എ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.
ഇന്ത്യയിൽ ലുലുവിന് കൊച്ചി, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലായി മൂന്ന് ഷോപ്പിങ് മാളുകൾ ഉണ്ട്. രാജ്യത്തെ നാലാമത്തെ മാൾ മേയ് അവസാനത്തോടെ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ തുറക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.