ദുബൈ: ഐ.പി.ഒയിൽ റെക്കോഡ് നേട്ടത്തിന് പിന്നാലെ ജി.സി.സിയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് ലുലു. മൂന്നു വർഷത്തിനകം നൂറ് ഹൈപ്പർ മാർക്കറ്റുകൾ എന്ന ഐ.പി.ഒ പ്രഖ്യാപനത്തിന്റെ ഭാഗമായി 16ാമത്തെ ഹൈപ്പർ മാർക്കറ്റ് ദുബൈ മോട്ടോർ സിറ്റിയിൽ തുറന്നു.
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അബ്ദുൽറഹ്മാൻ അൽഹജ്രി, ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി ഏജൻസി ലൈസൻസിങ് വകുപ്പ് ഡയറക്ടർ മജീദ് ഇബ്രാഹിം അൽ സറൂണി എന്നിവർ ചേർന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ലുലു നിക്ഷേപകരുടെ വിശ്വാസത്തിന് കരുത്ത് പകരുന്നതാണ് വികസന പദ്ധതികളെന്ന് എം.എ. യൂസുഫലി വ്യക്തമാക്കി. ദുബൈയിൽ ആറ് പുതിയ പദ്ധതികൾ ഉടൻ യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 37,000 സ്ക്വയർഫീറ്റിലാണ് ദുബൈ മോട്ടോർ സിറ്റിയിലെ ലുലു ഹൈപ്പർ മാർക്കറ്റ്.
ദുബൈയിലെ 26ാമത്തേതും യു.എ.ഇയിലെ 109ാമത്തേതുമാണിത്. കൂടാതെ ജി.സി.സിയിൽ ലുലുവിന്റെ 265ാമത്തെ ഹൈപ്പർ മാർക്കറ്റ് കൂടിയാണിത്. ആഗോള ഉൽപന്നങ്ങൾ മികച്ച നിലവാരത്തിലാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ ഉറപ്പാക്കിയിരിക്കുന്നത്.
ഗ്രോസറി, ഹോട്ട്ഫുഡ്, ബേക്കറി സെക്ഷനുകളും ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐ.ടി ഇലക്ട്രോണിക്സ് ഹോം അപ്ലയൻസ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ, സി.ഒ.ഒ സലിം വി.ഐ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.